Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടിപ്പാറ ജലസംഭരണി നിർമാണം അനുവാദം വാങ്ങാതെ

landslide-kozhikode

താമരശേരി ∙ ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലമലയ്ക്കു മുകളിൽ ജലസംഭരണി നിർമിച്ചത് പഞ്ചായത്തിന്റെ അനുവാദമില്ലാതെയാണെന്ന വാദവുമായി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ്. പാറ പൊട്ടിച്ച് ജലസംഭരണി നിർമിച്ചതാണു വൻദുരന്തത്തിലേക്കു നയിച്ചതെന്നാണു പ്രദേശവാസികളുടെ ആരോപണം. ഫാം നിർമിക്കാനെന്ന പേരിലാണു മലപ്പുറം സ്വദേശി അവിടെ സ്ഥലം വാങ്ങിയതും മരങ്ങൾ വെട്ടി നിരപ്പാക്കി ജലസംഭരണി നിർമാണം തുടങ്ങിയതും. 

ജലസംഭരണിയുടെ നിർമാണ സമയത്തോ അതിനു ശേഷമോ പരാതി കിട്ടിയിട്ടില്ലെന്നു കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു. അപകടത്തിനു ജലസംഭരണി നിർമാണം കാരണമായിട്ടുണ്ടോ എന്നറിയാൻ മേഖലയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കുന്നുണ്ട്. പഞ്ചായത്തിൽനിന്നു യാതൊരുവിധ അനുമതിയും സ്ഥലമുടമകൾ വാങ്ങിയിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. നാട്ടുകാരോ പഞ്ചായത്ത് അംഗമോ പരാതി പറഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞു. 

സിഡബ്ല്യുആർഡിഎമ്മിലെ വിദഗ്ധരുൾപ്പെട്ട സംഘമാണു കലക്ടർ യു.വി. ജോസിന്റെ നിർദേശപ്രകാരം മേഖലയിൽ പരിശോധന നടത്തിയത്. 

മേടപ്പാറയിൽ അനുമതിയില്ലാതെ റിസോർട്ട് നിർമാണം

കൂടരഞ്ഞി ∙ കോഴിക്കോട് ജില്ലാതിർത്തിയിൽ നായാടംപൊയിലിനു സമീപം മേടപ്പാറയിൽ അനുമതിയില്ലാതെ റിസോർട്ടും സമ്മേളനഹാളും നിർമിക്കുന്നതായി ആരോപണം. 

കഴിഞ്ഞയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ സമ്മേളന ഹാളിന്റെ ഒരു ഭാഗം തകർന്നു. പി.വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിലുള്ള ജീവനക്കാരനാണു നിർമാണത്തിനു പിന്നിലെന്നും ആരോപണമുണ്ട്. സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയിലാണു നിയമലംഘനം. 

കൂടരഞ്ഞി വില്ലേജിലാണു വിവാദമായ റിസോർട്ട് നിർമാണം നടക്കുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ സമ്മേളനഹാളിന്റെ ഒരു ഭാഗം തകർന്നതോടെയാണു സംഭവം പുറത്തറിയുന്നത്. രണ്ടുദിവസം മുൻപു നിർമാണം നിർത്തിവയ്ക്കാൻ സ്റ്റോപ് മെമ്മോ നൽകിയതായി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് പറഞ്ഞു. 

സെക്രട്ടറി സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കും.  വനംവകുപ്പും സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുന്ന രീതിയിൽ മേഖലയിലെ മലയിൽ പലയിടത്തും റോഡുകൾ നിർമിച്ചതായും ആരോപണമുണ്ട്.