Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഐപികൾ കുതിക്കുന്നു; പിഴയടയ്ക്കാതെ

car

തിരുവനന്തപുരം∙ അമിതവേഗത്തിനു ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്റെ പേരിൽ പിഴയടച്ചെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങൾ ഇക്കാര്യം ഗൗനിക്കുന്നേയില്ല. മോട്ടോർവാഹന വകുപ്പ് മുടങ്ങാതെ പിഴയിടുന്നെങ്കിലും അവരാരും തന്നെ തുക അടയ്ക്കുന്നില്ല. ഏതാനും ആഴ്ച മുൻപാണ് ഗവർണർ പി.സദാശിവത്തിന്റെ കാറിനു 400 രൂപ പിഴ വീണത്. നോട്ടിസ് ലഭിച്ചപ്പോൾ തന്നെ തുക അടയ്ക്കാൻ അദ്ദേഹം നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ KL01CB 7400 വാഹനത്തിന് അമിതവേഗത്തിനു ജൂൺ 28നു 400 രൂപ പിഴയിട്ടുവെങ്കിലും തുക അടച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ KL01BV 1926 വാഹനത്തിനു മൂന്നര വർഷത്തിനിടെ പെറ്റിയടിച്ചതു 38 തവണ. ചില്ലിക്കാശുപോലും അടയ്ക്കാതെ വാഹനം ഇപ്പോഴും കുതിക്കുന്നു.

കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ‌മറ്റു മൂന്നു വാഹനങ്ങൾക്ക് 53 തവണ പിഴയൊടുക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു മൂന്നുതവണ പിഴ വീണുവെങ്കിലും അടച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള KL01BN 6115 വാഹനം 52 തവണയാണു നിയമം ലംഘിച്ചത്. ഇതേപേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള KL01BQ 8035, 59 തവണയും KL01BQ7563, 48 തവണയും KL01BZ 2623, 46 തവണയും KL01BQ8074, 17 തവണയും നിയമം ലംഘിച്ചിട്ടുണ്ട്. മന്ത്രി തോമസ് ഐസക്കിന്റെ വാഹനം ആറു തവണ പെറ്റി നേടി.

മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി നാലുതവണത്തെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ രണ്ടു തവണത്തെയും പിഴ നൽകാനുണ്ട്. കെ.എം. മാണിയുടെ വാഹനം ആറുതവണയാണ് അമിതവേഗത്തിൽ ഓടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി‍‍ഡന്റ് ഡീൻ കുര്യാക്കോസ് നിയമം ലംഘിച്ചത് 22 തവണ. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് 10 തവണ നോട്ടിസ് നൽകി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഏഴുതവണ നോട്ടിസ് അയച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുളള KL01BK 7422 അൻപത്തി രണ്ടും BK 5327 പതിനാറു തവണയും നിയമം ലംഘിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ടൈപ്പ് ചെയ്താൽ നിയമലംഘനത്തിന്റെ പട്ടിക കിട്ടും.

ലൈസൻസ് സസ്പെൻഷനും നടന്നില്ല

അമിതവേഗത്തിന് അഞ്ചിൽ കൂടുതൽ പെറ്റി വന്നിട്ടും അടയ്ക്കാത്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ആർടിഒമാർക്കു നിർദേശം നൽകി. ഇതിന്റെ പട്ടികയും കൈമാറിയിട്ടുണ്ട്. ഒട്ടേറെപ്പേർ പെറ്റി അടയ്ക്കാനുള്ളതിനാൽ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാൻ വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി വ്യക്തതതേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ മതിയായ ജീവനക്കാരുണ്ടോയെന്നു കോടതി ആരാഞ്ഞു. മോട്ടോർ വാഹനവകുപ്പിന് 600 ജീവനക്കാരേയുള്ളൂവെന്നും പൊലീസിന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പൊലീസിനു മതിയായ ആളില്ലെന്നാണു സംസ്ഥാന പൊലീസ് മേധാവി മറുപടി നൽകിയത്. അതോടെ കേസ് മരവിച്ചു.

related stories