Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോർ വാഹനവകുപ്പിലെ സർവീസ് ചാർജ് കൂട്ടി

തിരുവനന്തപുരം ∙ മോട്ടോർ വാഹനവകുപ്പിലെ സർവീസ് ചാർജുകൾ അഞ്ചു രൂപ മുതൽ 50 രൂപവരെ വർധിപ്പിച്ചു. ഇരുചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 300 രൂപയും സർവീസ് ചാർജ് 50 രൂപയുമായിരുന്നു. ഇതിൽ അഞ്ചു രൂപ വർധിപ്പിച്ചു. കാറിന് റജിസ്ട്രേഷൻ ഫീസ് 600 രൂപയും സർവീസ് ചാർജ് 100 രൂപയുമായിരുന്നു. ഇനി 705 രൂപ നൽകണം. വലിയവാഹനങ്ങൾക്ക് 1500 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. സർവീസ് ചാർജ് 200 രൂപയിൽ നിന്ന് 210 ആക്കി. 

ഇത്തരത്തിൽ ആർടി ഓഫിസുകളിൽ എഴുപതോളം സേവനങ്ങളാണുള്ളത്. മോട്ടോർ വാഹനവകുപ്പ് ഓഫിസുകളിലെ കംപ്യൂട്ടർവത്കരണം, ജനറേറ്റർ സ്ഥാപിക്കൽ, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ മെഷീൻ എന്നിവ വാങ്ങൽ ഉൾപ്പെടെയുള്ള ചെലവുകൾക്കുവേണ്ടി 2006 ലാണ് സർവീസ് ചാർജ് ഈടാക്കിത്തുടങ്ങിയത്. ഈ ഇനത്തിൽ കോടിക്കണക്കിനു രൂപ ലഭിക്കുന്നുവെങ്കിലും സാങ്കേതികത്തകരാർ കാരണം ഓഫിസ് പ്രവർത്തനം ഇപ്പോഴും മുടങ്ങാറുണ്ട്. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി മറ്റൊരു വകുപ്പും പണപ്പിരിവു നടത്തുന്നില്ല. സർവീസ് ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ‍ സർക്കാരിന്റെ കാലത്ത് സിഐടിയുവും എഐടിയുസിയും ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു. 

കൂടുതൽ ഭാരം കയറ്റിയാൽ 5000 രൂപ വരെ വർധന

ചരക്കുവാഹനങ്ങളിൽ കൂടുതൽ ഭാരം കയറ്റുന്നതിന് 3000 രൂപ മുതൽ 5000 രൂപവരെ അധികമായി ഈടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ധനവിലയെത്തുടർന്നു നിത്യോപയോഗ സാധനങ്ങൾക്കു വില വർധിക്കുന്നതിനിടെയാണു സംസ്ഥാനത്തിന്റെ നടപടി. ചരക്കുവാഹനങ്ങളിൽ മൂന്ന് ടൺവരെ അധികമായി കയറ്റാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കേരളം നിരക്കു വർധിപ്പിച്ചത്.