Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന പിഴയൊടുക്കാതെ മുഖ്യമന്ത്രിയും നേതാക്കളും; രണ്ടു നീതിയെന്ന് ആക്ഷേപം

Kerala Chief Minister - Car

തിരുവനന്തപുരം∙ ഗതാഗതനിയമ ലംഘനത്തിനു പിഴയൊടുക്കുന്നതില്‍ സാധാരണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സംസ്ഥാനത്തു രണ്ടുനീതിയെന്ന് ആക്ഷേപം. ഒരുതവണ പിഴയിട്ടപ്പോള്‍ തന്നെ പണമടച്ചു ഗവര്‍ണര്‍ മാതൃക കാട്ടിയെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ പിഴയടയ്ക്കാറേയില്ല. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാഹനം 52 തവണ നിയമം ലംഘിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനം ക്യാമറയില്‍ കുടുങ്ങിയത് 38 തവണയാണ്.

മുഖ്യമന്ത്രിയുടെ വാഹനമായ കെഎൽ 01 സിബി 7400നു കഴിഞ്ഞവര്‍ഷം ജൂണ്‍ 28ന് അമിതവേഗതയ്ക്ക് 400 രൂപ പിഴചുമത്തിയിരുന്നു. എന്നാൽ തുക ഇതുവരെയും അടച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ കെഎൽ 01 ബിവി 1926ന് മൂന്നരവര്‍ഷത്തിനിടെ പെറ്റിയടിച്ചത് 38 തവണയാണ്. ഒരുതവണപോലും പിഴയൊടുക്കിയിട്ടില്ല. ഇതേ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ‌മറ്റു മൂന്നുവാഹനങ്ങളുടേതും ചേർത്ത് 53 തവണയാണു പിഴയൊടുക്കാന്‍ നോട്ടിസ് ലഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാഹനത്തിനും മൂന്നു തവണ പിഴയൊടുക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള കെഎൽ 01 ബിഎന്‍ 6115 നിയമം ലംഘിച്ചത് 52 തവണയാണ്. ഇതേ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കെഎൽ 01 ബിക്യു 8035 59 തവണയും കെഎൽ 01 ബിക്യു 7563 48 തവണയും കെഎൽ‍ 01 ബിസെഡ് 2623 46 തവണയും കെഎൽ 01 ബിക്യു 8074 17 തവണയും നിയമം ലംഘിച്ചിട്ടുണ്ട്. അഞ്ചുവാഹനങ്ങള്‍ക്കും കൂടി അടയ്ക്കാനുള്ളത് ഒരുലക്ഷത്തോളം രൂപയാണ്.

മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി നാലുതവണത്തെ പിഴയും കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ രണ്ടു തവണത്തെയും പിഴയൊടുക്കാനുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡ‍‍ന്റ് ഡീന്‍ കുര്യാക്കോസ് നിയമം ലംഘിച്ചത് 22 പ്രാവശ്യം. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആഡംബരകാറിന് 10 തവണ നോട്ടിസ് കിട്ടിയിട്ടും അനങ്ങിയിട്ടില്ല.

പതിയിരുന്നും ക്യാമറവച്ചും സാധാരണക്കാരനു പിഴയിടുന്ന പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടിസിനു പുല്ലുവിലയേ ഉള്ളൂ. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുളള കെഎൽ 01 ബികെ 7422ന് നിയമം ലംഘിച്ചത് 52 തവണയാണ്. കെഎൽ 01 എകെ 5327ന് 16 തവണയും.