Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ പരാതിയിൽ പീഡനവിവരം ഉണ്ടായിരുന്നില്ലെന്ന് കർദിനാൾ

mar-george-alencherry

കൊച്ചി∙ ജലന്തർ രൂപതയുടെ കീഴിൽ കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന മഠത്തിലെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അവർ പീഡിപ്പിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നില്ലെന്നു മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മൊഴി നൽകി. കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണു കർദ്ദിനാളിന്റെ മൊഴിയെടുത്തത്.

കന്യാസ്ത്രീ നൽകിയ പരാതിയിൽ ആഭ്യന്തര പ്രശ്‌നങ്ങളാണു ചൂണ്ടിക്കാട്ടിയിരുന്നത്. ജലന്തർ ബിഷപ്പ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു. മറ്റൊരു കന്യാസ്ത്രീയുടെ പിതാവും പരാതി നൽകിയിരുന്നു. ഇതിൽ ജലന്തർ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. ജലന്തറിലേതു ലത്തീൻ രൂപതയായതിനാൽ സിറോ മലബാർ മേജർ ആർച്ച് ബിഷപ്പിന് അവിടെ അധികാരങ്ങളില്ലാത്തതിനാൽ പരാതി അതുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നൽകാൻ ഉപദേശിച്ചിരുന്നതായും അദ്ദേഹം മൊഴി നൽകി.

ബിഷപ്പ് ഡോ: ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിൽ ജലന്തർ രൂപതയുടെ ഭാഗമായി പ്രവർത്തിക്കാനാകില്ലെന്നും സിറോ മലബാർ സഭയിലെ ഏതെങ്കിലും സന്യാസ സഭയിൽ ചേരാൻ ആഗ്രഹമുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ബുധനാഴ്ച വൈകിട്ടു നടന്ന മൊഴിയെടുക്കൽ രണ്ടു മണിക്കൂർ നീണ്ടു. 96 ചോദ്യങ്ങളാണ് അന്വേഷണ സംഘം കർദിനാളിനോടു ചോദിച്ചത്. കന്യാസ്ത്രീ നേരത്തെ അറിയില്ലെന്നു കർദിനാൾ പറഞ്ഞു. മറ്റൊരു ബിഷപ്പ് വഴിയാണ് കന്യാസ്ത്രീ പരാതി നൽകാൻ അവസരം ചോദിച്ചത്.

ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പുമാരുടെ സമ്മേളനത്തിലാണു അവസാനമായി കണ്ടതെന്നും കർദിനാൾ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുൻ സഹപ്രവർത്തകയും സഭയിൽ നിന്നു വിട്ടു പോകുകയും ചെയ്ത മുൻ കന്യസ്ത്രീയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അടുത്ത ദിവസം അന്വേഷണ സംഘം ബെംഗളുരുവിലേക്കു പോകും.

related stories