Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് കമ്മിറ്റി ഓഫിസിലെ അനധികൃത നിയമനം: വിമർശനം ഉയർന്നിരുന്നതായി മുൻ അംഗങ്ങൾ

കൊണ്ടോട്ടി ∙ കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽ ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനം സംബന്ധിച്ച് അന്നത്തെ ഹജ് കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നതായി ഹജ് കമ്മിറ്റി മുൻ അംഗങ്ങൾ.

സ്ഥിരം തസ്തികയിൽ വരുന്ന ഒഴിവിലേക്കു ഡപ്യൂട്ടേഷനിൽ നിയമനം നടത്തുകയാണു രീതി. എന്നാൽ, ക്ലാർക്കിന്റെ തസ്തികയിൽ അതു പാലിക്കാതെ ഒരു വനിതയെ താൽക്കാലികമായി നിയമിച്ചതുമായി ബന്ധപ്പെട്ടു വിമർശനവും വിയോജിപ്പും യോഗത്തിൽ ഉണ്ടായിരുന്നതായും മറുപടി പറയേണ്ടവർ മൗനം പാലിച്ചെന്നും 2015–18 കാലയളവിൽ ഹജ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ചില അംഗങ്ങൾ വെളിപ്പെടുത്തി. ഈ തസ്തികയിലേക്ക് അഭിമുഖം നടത്തിയ രീതിയും വിമർശിക്കപ്പെട്ടിരുന്നു. വനിത 2 വർഷത്തോളമായി ജോലിയിൽ തുടരുന്നുണ്ടെന്നും വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ താൽപര്യപ്രകാരമാണ് ഈ നിയമനമെന്നുമാണ് ആക്ഷേപം.

സൗദിയിൽ സേവനം ചെയ്യാനുള്ള വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി കഴിഞ്ഞ 2 വർഷവും ആരോപണമുയർന്നിട്ടുണ്ട്. ഹജ് കമ്മിറ്റി ഓഫിസിൽ കാര്യങ്ങൾക്കു നേതൃത്വം നൽകേണ്ട 2 ഉദ്യോഗസ്ഥരും ഓഫിസിലെ മറ്റൊരു ജീവനക്കാരനും കഴിഞ്ഞ വർഷം സൗദിയിലേക്കുള്ള വൊളന്റിയർ പട്ടികയിൽ ഉണ്ടായിരുന്നതും വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല, വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയെ നിശ്ചയിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ, ഹജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയെന്ന വിവാദവും ഉയർന്നിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി അംഗമായിരുന്ന എ.കെ.അബ്ദുറഹ്മാനും മറ്റും കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇത്തവണ ഓരോ ജില്ലയിലും ഹജ് പരിശീലകരെ തിരഞ്ഞെടുത്തതു സംബന്ധിച്ചു പുതിയ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ആരോപണങ്ങളിൽ കാര്യമില്ലെന്നു ഹജ് ഹൗസ് അധികൃതർ പറഞ്ഞു.