Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയ കേസ്: ചോദ്യങ്ങൾ ബാക്കിയെന്ന് കോൺഗ്രസ്, അന്വേഷണം വേണമെന്ന് സിപിഎം

Prashant-Bhushan ലോയ കേസിൽ വിധിക്കു പിന്നാലെ കോടതിക്കു പുറത്തേക്കു വരുന്ന അഡ്വ.പ്രശാന്ത് ഭൂഷൺ. വിധിയിൽ രൂക്ഷ വിമർശനമാണ് ഇദ്ദേഹം ഉൾപ്പെടെയുള്ള അഭിഭാഷകർക്കു നേരെ സുപ്രീം കോടതി നടത്തിയത്.

ന്യൂഡൽഹി∙ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസും സിപിഎമ്മും. കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. ഒട്ടേറെ ചോദ്യങ്ങൾ ബാക്കി വച്ചു കൊണ്ടാണു വിധി വന്നിരിക്കുന്നതെന്നു കോൺഗ്രസ് പ്രതികരിച്ചു.

‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിന്ന്. മരണത്തിൽ ക്രിമിനലുകളുടെ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഒരു മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകും?’– കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ലോയയുടെ മരണം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഏഴു പൊതുതാൽപര്യ ഹർജികളാണു സുപ്രീംകോടതി തള്ളിയത്. ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷൺ, രാജീവ് ധവാൻ എന്നീ അഭിഭാഷകരെ പേരെടുത്തു പറഞ്ഞു വിമർശിച്ചു. ലോയയുടേതു സ്വാഭാവിക മരണം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. ‘രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ’ എന്നു കാണിച്ചു വാർത്താക്കുറിപ്പും കോൺഗ്രസ് പുറത്തിറക്കി.

ലോയയുടെ മരണത്തിൽ പുനരന്വേഷണമില്ലെന്ന വിധിയുടെ പകർപ്പ് നിയമമന്ത്രി രവി ശങ്കർ പ്രസാദിനു ‘നേരത്തേ’ ലഭിച്ചതിനെ ഗൂഢാലോചനയുടെ ഭാഗമെന്നും സുർജേവാല വിമർശിച്ചു. ‘പൊതുജനത്തിനോ മാധ്യമങ്ങൾക്കോ അഭിഭാഷകർക്കോ ലഭിക്കുന്നതിനു മുൻപ് എങ്ങനെയാണ് നിയമമന്ത്രിക്കു മാത്രമായി വിധിയുടെ പകർപ്പ് ലഭിച്ചത്? മാത്രവുമല്ല, സുപ്രീംകോടതിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എത്ര ന്യായവും സുതാര്യവുമായ കാര്യം...!’ സുർജേവാല ട്വിറ്ററിൽ വിമർശിച്ചു.  ട്വീറ്റിനു പിന്നാലെ ലോയ കേസുമായി ബന്ധപ്പെട്ട വിധിപ്പകർപ്പ് സുപ്രീംകോടതി പുറത്തുവിടുകയും ചെയ്തു. 

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ, 2014 ഡിസംബർ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. നാഗ്പുരിൽ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയും ആയിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ‘കാരവൻ’ ലോയയുടെ മരണത്തിൽ ഒട്ടനവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അതോടെയാണു വിവിധ കോണുകളിൽനിന്ന് അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.