Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഗുഹയിൽ നിധിയില്ല, മുനിയറ മാത്രമെന്നു വില്ലേജ് ഓഫിസർ; നിധിവേട്ട അവസാനിക്കുമോ?

Kannur-Treasure പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്ത് നിധി കണ്ടെത്താനായി കുഴിയെടുത്ത നിലയിൽ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം)

പെരിങ്ങോം (കണ്ണൂർ)∙ അരവഞ്ചാൽ കണ്ണങ്കൈ പ്രദേശത്തെ റബർ തോട്ടത്തിലെ ‘നിധിശേഖരം’ കെട്ടുകഥ തന്നെയെന്നു റവന്യൂ അധികൃതരും. കണ്ണങ്കൈ കോളനി റോഡിനോടു ചേർന്ന റബർ തോട്ടത്തിലെ മുനിയറയ്ക്കുള്ളിൽ നിധിയുണ്ടെന്നു നവമാധ്യമങ്ങളിലൂടെ പ്രചാരണം വ്യാപാകമായതിനെ തുടർന്നു പെരിന്തട്ട വില്ലേജ് ഓഫിസർ സുനീഷ് സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. ചരിത്ര ഗവേഷകർ പലയിടത്തും കണ്ടെത്തിയിട്ടുള്ള മുനിയറകൾ പോലെ ചിലതു മാത്രമാണു കാണാനായത്. നിധിയൊന്നും ഒളിപ്പിച്ചു വച്ച ലക്ഷണമില്ലെന്നാണു വില്ലേജ് ഓഫിസറുടെയും നിഗമനം. 

സ്ഥലമുടമയായ ഏഴിലോട് സ്വദേശിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണു വില്ലേജ് അധികൃതർ പരിശോധന നടത്തിയത്. കണ്ണങ്കൈ കോളനി റോഡിനോടു ചേർന്ന റബർ തോട്ടത്തിലെ മുനിയറക്കുള്ളിൽ നിധിയുണ്ടെന്ന പ്രചരണം ശക്തമായതോടെ ഈ പ്രദേശത്തു സന്ദർശകരായും നിധിവേട്ടക്കാരായും ഒട്ടേറെ പേർ എത്തുന്നുണ്ട്. ഏഴിലോട് സ്വദേശി ഏതാനും വർഷം മുമ്പു വിലയ്ക്കു വാങ്ങിയ സ്ഥലത്താണു നിധിയുണ്ടെന്നു കഥ പ്രചരിച്ചത്. അടുത്തിടെ ഇവിടെ ഒരു പ്രത്യേകഭാഗം മറച്ചുകെട്ടിയിരുന്നതായി പറയപ്പെടുന്നു. അതു നിധിയെടുക്കാനുള്ള പൂജയ്ക്കു വേണ്ടിയാണെന്ന പ്രചാരണവും ശക്തമായിരുന്നു.

ഫെസ്ബുക്കിലെ വ്യാജ അക്കൗണ്ട് മുഖേന ഏതാനും വ്യക്തികളുടെ പേരുൾപ്പെടെ പരാമർശിച്ചായിരുന്നു പ്രചാരണം. വിവാദമായതോടെ മറ കെട്ടിയതൊക്കെ നീക്കം ചെയ്തെങ്കിലും രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ പ്രദേശം കിളച്ചുമറിക്കാൻ ശ്രമമുണ്ടായി. യാഥാർഥ്യം പുറത്തു കൊണ്ടുവരാൻ പുരാവസ്തു വകുപ്പിന്റെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു പുരോഗമന ചിന്താഗതിക്കാർ രംഗത്തു വന്നിരുന്നു. അതിനെത്തുടർന്നാണു പ‍ഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസറും പരിശോധനയ്ക്കെത്തിയത്. 

പുരാതന നിർമാണ വിദ്യകൾ ഉപയോഗിച്ചുള്ള പാറക്കുഴിയും ചെത്തിയൊരുക്കിയ കല്ലുകളും ഇവിടെ കാണാനുണ്ട്. ആൾ നൂഴി പോലെ തോന്നിക്കുന്ന പാറക്കുഴിക്കുള്ളിൽ വിസ്തൃതമായ ഗുഹയാണെന്നും പറയുന്നു. പെരിന്തട്ട, പെരിങ്ങോം വില്ലേജുകളിൽ പലയിടത്തും ഇത്തരത്തിലുള്ള മുനിയറകളുടെയും നന്നങ്ങാടികളുടെയും ശേഷിപ്പുകൾ നേരത്തേ കണ്ടെത്തിയിരുന്നു. കണ്ണങ്കൈയിലുള്ളതും മുനിവര്യൻമാർ സമാധിയിരുന്ന അറയാണെന്നാണു പ്രദേശത്തെ പഴമക്കാരുടെ വിശ്വാസം. 

സ്ഥലമുടമയറിയാതെ രാത്രിയുടെ മറവിൽ ഇവിടേക്കു ഗൂഢ ലക്ഷ്യങ്ങളുമായി ആരൊക്കെയോ വന്നു പോകുന്നുണ്ടെന്നാണ് ഇപ്പോഴും പരിസരവാസികൾ പറയുന്നത്. അതിക്രമിച്ചു കടക്കുന്നവർക്കെതിരെയും സമൂഹമാധ്യമങ്ങളിൽ നിധിവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മുനിയറയാണെന്നു കേൾക്കുമ്പോൾ നിധിവേട്ടക്കാരുടെ വരവു കൂടുമോ എന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. പഴയകാലത്തെ മുനിയറയല്ലേ, അഥവാ പഴയ പൊന്നോ പണ്ടമോ എന്തെങ്കിലും കണ്ടാലോ എന്നും നിധിവേട്ടക്കാർ ചിന്തിച്ചാലോ?