Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിൽ നിർണായക യോഗം; സുരക്ഷ വിലയിരുത്തി, കശ്മീർ ഗവർണർ ഭരണത്തിലേക്ക്

Mehbooba Mufti- Rajnath Singh രാജ്നാഥ് സിങ്, മെഹ്ബൂബ മുഫ്തി (ഫയൽ ചിത്രം)

ന്യൂഡൽഹി/ ശ്രീനഗർ∙ മൂന്നു വർഷം തുടർന്ന പിഡിപി–ബിജെപി സഖ്യം തകർന്നടിഞ്ഞതോടെ ജമ്മു–കശ്മീരിൽ ഗവർണർ ഭരണം ഉറപ്പായി. ഗവർണർ എൻ.എൻ.വോഹ്റയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ട് ലഭിച്ചതിനു ശേഷം കശ്മീരിൽ കേന്ദ്ര ഭരണം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗബ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തി. കശ്മീരിൽ ഗവർണർ ഭരണത്തിൽ തീരുമാനമായാൽ വോഹ്റയുടെ നേതൃത്വത്തിൽ ഇതു നാലാം തവണയായിരിക്കും കേന്ദ്ര ഭരണമേർപ്പെടുത്തുക. 2008 ജൂൺ 25നാണു വോഹ്റ കശ്മീർ ഗവർണറായത്.

1977 മാർച്ച് 26ൽ എൽ.കെ.ഷാ ആണു കശ്മീരിന്റെ ഭരണം ഏറ്റെടുത്ത ആദ്യ ഗവർണർ. ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസ് സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിനെ തുടർന്നായിരുന്നു അത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ, 105 ദിവസം അന്നു ഗവർണർ ഭരണം നീണ്ടു.

1986ൽ, ഗുലാം മുഹമ്മദ് ഷായുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചപ്പോഴായിരുന്നു രണ്ടാമത്തെ ഗവർണർ ഭരണകാലം. 246 ദിവസം അതു നീണ്ടു. തുടർന്നു ഫാറൂഖ് അബ്ദുല്ല അധികാരമേറ്റു. 1990ൽ ആഭ്യന്തര കലാപത്തിനു പിന്നാലെ ഫാറൂഖ് അബ്ദുല്ല രാജിവച്ചതോടെ ഭരണം വീണ്ടും ഗവർണറുടെ കൈകളിലായി. ഇതാണു കശ്മീർ സാക്ഷ്യംവഹിച്ച ഏറ്റവും നീണ്ട ഗവർണർ ഭരണകാലം - ആറു വർഷവും 264 ദിവസവും. 1996 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് അധികാരത്തിലെത്തി.

2002ലായിരുന്നു നാലാമത്തെ ഗവർണർ ഭരണം. താൽക്കാലിക മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തോടെ സ്ഥാനമൊഴി‍ഞ്ഞു. ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ ഗവർണർ ഭരണമേറ്റെടുത്തു. കോൺഗ്രസുമായി സഖ്യമുണ്ടാക്കി പി‍‍ഡിപി അധികാരത്തിലെത്തി. സയീദ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ 15 ദിവസത്തെ ഗവർണർ ഭരണത്തിന് അവസാനം.

2008ൽ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രാജിവച്ചതിനെതുടർന്നും 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭ വന്നപ്പോഴും ഗവർണർ ഭരണത്തിലായിരുന്നു കശ്മീർ.

നിലവിലെ സർക്കാർ അധികാരമേറ്റ 2014ൽ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തിനു പിന്നാലെ, 2016 ജനുവരി എട്ടിനാണു കശ്മീരിൽ അവസാനം ഗവർണർ ഭരണം ഏർപ്പെടുത്തിയത്. പിഡിപി-ബിജെപി സഖ്യസർക്കാർ രൂപീകരണത്തിനു മുൻകയ്യെടുത്തത് സയീദ് ആയിരുന്നു.

ഏപ്രിൽ നാലിനു സയീദിന്റെ മകളും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതോടെ മൂന്നുമാസത്തെ ഗവർണർ ഭരണം കേന്ദ്രസർക്കാർ പിൻ‍വലിച്ചു.