Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്ഥലംമാറ്റ ഭീഷണിയുണ്ട്’: വീണ്ടും വെടി പൊട്ടിച്ച് കശ്മീർ ഗവർണർ

PTI11_22_2018_000015A

ന്യൂഡൽഹി ∙ ജോലി പോകില്ലെങ്കിലും സ്ഥലംമാറ്റ ഭീഷണിയുണ്ടെന്നു പറഞ്ഞു ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് കേന്ദ്രസർക്കാരിനെതിരെ രണ്ടാമതും വെടിപൊട്ടിച്ചു. ‘ഡൽഹിയിലേക്കു നോക്കിയിരുന്നെങ്കിൽ സജ്ജദ് ലോണിനെ മുഖ്യമന്ത്രിയാക്കേണ്ടി വരുമായിരുന്നു’ എന്ന മാലിക്കിന്റെ പരാമർശം തിരിച്ചടിയായതിനു പിന്നാലെയാണു പുതിയ വിവാദം.

ചൊവ്വാഴ്ച ജമ്മുവിൽ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ഗിർധരി ലാൽ ദോഗ്രയുടെ ചരമവാർഷികച്ചടങ്ങിലാണു മാലിക് പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. ‘ഇവിടെയുള്ളിടത്തോളം കാലം ഈ ചടങ്ങിനു ഞാനെത്തിയിരിക്കും. എങ്കിലും ഇതൊന്നും നമ്മുടെ കയ്യിലല്ല. ജോലി പോകില്ലെങ്കിലും സ്ഥലംമാറ്റ ഭീഷണിയുണ്ട്.’ തുടർച്ചയായ ദിവസങ്ങളിലെ ഇരു വാർത്തകളും പ്ര‌തിപക്ഷത്തിന് ഊർജമായി.

കേന്ദ്ര സർക്കാരിന്റെ ഭീഷണിക്കു വഴങ്ങി ഗവർണർ നിയമസഭ പിരിച്ചുവിട്ടെന്നായിരുന്നു നേരത്തെ പ്രതിപക്ഷത്തിന്റെ ആരോപണം. പിഡിപിയും കോൺഗ്രസും നാഷനൽ കോൺഫറൻസ് പിന്തുണയോടെ സർക്കാരുണ്ടാക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അത്. എന്നാൽ, കേന്ദ്രത്തിന്റെ വഴിവിട്ട ഇടപെടൽ വെ‌ളിപ്പെടുത്തിയതോടെ ഗവർണറെ അഭിനന്ദിച്ച് ഇവർ രംഗത്തെത്തി.

ഗോവ മുതൽ അരുണാചൽ വരെയും കശ്മീർ മുതൽ തമിഴ്നാട് വരെയും കുതിരക്കച്ചവടത്തിലൂടെ സർക്കാരിനെ പിടിച്ചെടുക്കുന്ന മോദി തന്ത്രമാണു മാലിക് പുറത്തു കൊണ്ടുവന്നതെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. സംസ്ഥാനങ്ങളിൽ സർ‌ക്കാരുകളെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്തിരുന്ന കേന്ദ്രത്തിലെ പഴയ കോൺഗ്രസ് പാരമ്പര്യത്തിലേക്കു പരോക്ഷമായി ശ്രദ്ധ ക്ഷണിച്ചതല്ലാതെ, പരസ്യ പ്രതികരണത്തിനു ബിജെപി തയാറായിട്ടില്ല. ഇതേസമയം, ഗവർണറുടെ നിലപാട് അപലപനീയമാണെ‌ന്നു പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ കുറ്റപ്പെടുത്തി.