Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കേണ്ടി വന്നേനെ: കശ്മീർ ഗവർണർ

satyapal-malik

ശ്രീനഗർ ∙ നിർദേശങ്ങൾക്കായി ഡൽഹിയിലേക്കു നോക്കിയിരിക്കുകയായിരുന്നെങ്കിൽ തനിക്ക് പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രതിഷ്ഠിക്കേണ്ടി വരുമായിരുന്നുവെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക് വ്യക്തമാക്കി. 

കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശം ഗവർണറിൽ നിന്നുണ്ടായതിനു പിന്നാലെ, ബിജെപി പിന്തുണയുള്ള സർക്കാരിനെ പ്രതിഷ്ഠിക്കാൻ ഗവർണറിൽ സമ്മർദമുണ്ടായിരുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി.

‘ലോണിനെ മുഖ്യമന്ത്രിസ്ഥാനമേൽക്കാൻ ക്ഷണിച്ചിരുന്നെങ്കിൽ ചരിത്രം എന്നെ സത്യസന്ധനല്ലെന്ന് രേഖപ്പെടുത്തുമായിരുന്നു. അതിനാൽ ഞാൻ അത് അവിടെവച്ച് അവസാനിപ്പിച്ചു. ആർക്കെങ്കിലും എന്നെ ശാസിക്കണമെന്നുണ്ടെങ്കിൽ ഇനി അതു ചെയ്യാം. എന്നാൽ ചെയ്തത് ശരിയാണെന്ന് എനിക്ക് ബോധ്യമുണ്ട്.’– അദ്ദേഹം ഗ്വാളിയറിൽ ഒരു ചടങ്ങിൽ പറഞ്ഞു.

പിഡിപിയും നാഷനൽ കോൺഫറൻസും ഗവർണറെ അഭിനന്ദിച്ചു. കേന്ദ്ര സർക്കാരോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.