Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരൂപതാ അഡ്മിനിസ്ട്രേറ്റർ സ്ഥാനമൊഴിഞ്ഞ് മാർ ആലഞ്ചേരി, പകരം മാർ മനത്തോടത്ത്

mar-jacob-manathodath എറണാകുളം– അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർ ജേക്കബ് മനത്തോടത്തിനെ സ്വാഗതം ചെയ്യുന്ന മാർ ജോർജ് ആലഞ്ചേരി. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

കൊച്ചി∙ എറണാകുളം–അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിനെ നിയമിച്ചു. മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണു നിയമനം. അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ‍, അഡ്മിനിസ്ട്രേറ്റർ പദവിയിൽ മാർ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികൾ കൈമാറാൻ വത്തിക്കാനിൽനിന്നു തീരുമാനിക്കുകയായിരുന്നു. മാർ മനത്തോടത്തിന്റെ നിയമനം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘അതിരൂപതയിലെ കൂട്ടായ്മയിൽ പ്രതീക്ഷയുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. കൂട്ടായ്മ വഴി പ്രശ്നപരിഹാരം സാധ്യമാകും. സഭാ ഭൂമി ഇടപാട് വിദഗ്ധ സമിതി വീണ്ടും അന്വേഷിക്കും’– മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

മാർ ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തു തുടരും. സഹായമെത്രാൻമാരായി മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കു മാത്രമായിരിക്കും. ഇപ്പോൾ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യ സമിതി, വൈദിക സമിതി, അജപാലന സമിതി തുടങ്ങിയവ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സമിതികൾക്കു മാറ്റംവരുത്താനോ പുനഃസംഘടിപ്പിക്കാനോ ഉള്ള അധികാരവും അഡ്മിനിസ്ട്രേറ്റർക്കാണ്.

മാർ മനത്തോടത്ത് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽവച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും. പാലക്കാട് രൂപതാധ്യക്ഷന്റെ ചുമതലകൾ തുടർന്നും മാർ ജേക്കബ് മനത്തോടത്ത് വഹിക്കും.

related stories