Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫിനു ഭരണം പോയി; കരിമണ്ണൂരിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ്

Karimannoor-Panchayath കരിമണ്ണൂർ പഞ്ചായത്ത് കാര്യാലയം. ചിത്രം: വിക്കിമാപ്പിയ

തൊടുപുഴ∙ കരിമണ്ണൂർ പഞ്ചായത്തിൽ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടു. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് പ്രതിനിധി ഡി. ദേവസ്യ പ്രസിഡന്റായി. കോൺഗ്രസിന്റെ സിബി കുഴിക്കാട്ടായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. സിപിഎം പിന്തുണയോടെ ഡി. ദേവസ്യ എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി എത്തി.

തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ദേവസ്യയ്ക്കും സിബി കുഴിക്കാട്ടിനും ഏഴു വോട്ടുകൾ വീതം ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിലാണു ദേവസ്യയ്ക്കു പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.  

കേരള കോൺഗ്രസ് എമ്മിന്റെ ടോജോ പോളായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫിലെ ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസിനും, തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസിനും നൽകണമെന്നതായിരുന്നു. ഇതു പ്രകാരം ടോജോ രാജി വച്ചിരുന്നു. തുടർന്നാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.  

കഴിഞ്ഞയാഴ്ച തൊടുപുഴ നഗരസഭ ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. വൈസ് ചെയർമാൻ ടി.കെ. സുധാകരന്റെ വോട്ട് അസാധുവായതോടെ സിപിഎം പ്രതിനിധി മിനി മധു നറുക്കെടുപ്പിലൂടെ ചെയർപേഴ്സനായി.