Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലേജ് ഓഫിസിൽ ഇനി ചെരിപ്പൂരേണ്ട; വിചിത്ര ഉത്തരവുമായി റവന്യുവകുപ്പ്

village Office

തിരുവനന്തപുരം∙ വില്ലേജ് ഓഫിസുകളിൽ ഇനി ചെരിപ്പിട്ടു കയറാം. ചെരിപ്പൂരേണ്ടതില്ലെന്നു കാണിച്ചു സർക്കാർ ഉത്തരവു പുറത്തിറക്കി. സംസ്ഥാനത്തെ പല വില്ലേജ് ഓഫിസുകളിലും പാദരക്ഷകള്‍ പുറത്തുവയ്ക്കണമെന്ന ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു റവന്യുവകുപ്പിന്റെ കൗതുകകരമായ ഉത്തരവ്. ചെരിപ്പുധരിക്കാന്‍ അനുവദിക്കാത്തതിനെ തെറ്റായ കീഴ്‌വഴക്കവും മേലാള കീഴാള മനഃസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയുമെന്നാണ് ഉത്തരവില്‍ വിശേഷിപ്പിക്കുന്നത്.

പാദരക്ഷകള്‍ പുറത്തിടുക എന്ന നിര്‍ദേശം ഇതുപോലെ പല വില്ലേജ് ഓഫിസുകളിലും കഴിഞ്ഞദിവസങ്ങളില്‍ കീറിക്കളയുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാലും ഉത്തരവിനെക്കുറിച്ചറിയാത്ത പൊതുജനം പഴയശീലം തുടരുന്നു. രണ്ടുമാസം മുന്‍പാണ് ചെരിപ്പുധരിച്ചു വില്ലേജ് ഓഫിസില്‍ പ്രവേശിക്കുന്നത് വിലക്കരുതെന്ന് റവന്യുവകുപ്പ് ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥര്‍ക്കു മാത്രം ചെരിപ്പിട്ട് ഓഫിസില്‍ കയറാന്‍ കഴിയുന്നതിലെ ഇരട്ടത്താപ്പ് മുതല്‍ ചെരുപ്പുമോഷണം വരെ പരാതികളായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. പൊതുജനങ്ങള്‍ പാദരക്ഷകള്‍ ഊരിവച്ച് വില്ലേജ് ഓഫിസുകളില്‍ പ്രവേശിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഇതു മേലാള – കീഴാള മനസ്ഥിതി ഉളവാക്കുന്നു. അതുകൊണ്ടു വില്ലേജ് ഓഫിസുകളില്‍ പാദരക്ഷകള്‍ ധരിച്ച് പ്രവേശിക്കുന്നതിനു പൊതുജനങ്ങളോട് തടസം പറയാന്‍ പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ ആവശ്യമില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരെ ബോധ്യപ്പെടുത്തേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയെയോ ഗവര്‍ണറെയോ കാണാന്‍ പോലും ചെരിപ്പൂരിവയ്ക്കേണ്ടതില്ല. പിന്നെ വില്ലേജ് ഓഫിസര്‍മാരെ കാണാന്‍ എന്തിനു ചെരിപ്പൂരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.