Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി എടുക്കാൻ ശ്രമിച്ച ടെക്കികൾ വെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോയി

krs-dam-cauvery കൃഷ്ണരാജസാഗര (കെആർഎസ്) അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് കാവേരി നദി കരകവിഞ്ഞൊഴുകുന്നു.

ബെംഗളൂരു ∙ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ, ബെംഗളൂരുവിൽനിന്നുള്ള ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ വെള്ളച്ചാട്ടത്തിൽ കാണാതായി. രാമനഗര കനക്പുരയിൽ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിലാണ് ഇവർ വീണത്. ബീദർ സ്വദേശികളായ ഷമീർ റഹ്മാൻ (29), ഭവാനി ശങ്കർ (29) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ബെന്നാർഘട്ട റോഡിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അമിത്, ശ്രീകാന്ത് എന്നീ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാൻ ശ്രമിച്ച ഷമീർ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് ഷമീറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവാനിയും ഒഴുകിപ്പോയതായി ചന്നപട്ടണ ഡിവൈഎസ്പി ലോകേഷ് കുമാർ പറഞ്ഞു. കനത്ത മഴയെ തുടർന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.

മഴക്കാലത്ത് കാവേരി ഏറെ അപകടകരം

കാവേരി നദിയും അർക്കാവതിയും സംഗമിച്ച് 10 മീറ്റർ വീതിയുള്ള പാറയിടുക്കിലൂടെ കുതിച്ചു പായുന്നതിന്റെ മാസ്മരിക കാഴ്ചയാണ് മേക്കേദാട്ടു. നദികൾ കൂടിച്ചേരുന്ന സംഗമയ്ക്കു ശേഷം മൂന്നര കിലോമീറ്ററോളം താഴേക്ക് കുത്തിയൊഴുകുന്ന കാഴ്ച അതീവമനോഹരമാണ്. അതിലേറെ അപകടകരവും.കാവേരി കുത്തിയൊഴുകുന്ന കാഴ്ച കാണാൻ ഉയരത്തിലുള്ള പാറക്കെട്ടിലേക്ക് വലിഞ്ഞു കയറേണ്ടതുണ്ട്. ഇതിലേക്ക് ശരിയായ വിധത്തിൽ പടിക്കെട്ടുകളോ, കയറോ ഒന്നും ലഭ്യമാക്കിയിട്ടില്ല.

കാവേരി കവിഞ്ഞു, വൃന്ദാവൻ അടച്ചു

കനത്ത മഴയിൽ കാവേരി നിറഞ്ഞൊഴുകിയതോടെ മണ്ഡ്യ ജില്ലയിലെ വൃന്ദാവൻ ഗാർഡനും രംഗനത്തിട്ടു പക്ഷിസങ്കേതവും അടച്ചു. ജനസുരക്ഷയെ കരുതിയാണിതെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അധികൃതർ അറിയിച്ചു.കെആർഎസ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ ഒട്ടേറെ സഞ്ചാരികളാണു ഡാമിന്റെ താഴെയുള്ള ഗാർഡനിൽ എത്തിയിരുന്നത്.കാവേരിയുടെ പോഷക നദിയായ പശ്ചിമവാഹിനിയിൽ സ്ഥിതി ചെയ്യുന്ന രംഗത്തിട്ടു പക്ഷിസങ്കേതത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ ബോട്ടിങ് നിർത്തിവച്ചിരുന്നു.