Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനടിയിലൂടെ ആക്രമണം; ഇന്ത്യൻ കപ്പലുകളെ ലക്ഷ്യമിട്ട് ഭീകരർക്ക് ഡൈവിങ് പരിശീലനം

INS-Arihant ഐഎൻഎസ് അരിഹന്ത് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ജയ്ഷെ മുഹമ്മദ് ഭീകരർക്കു പാക്കിസ്ഥാനിൽ പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ജയ്ഷെ ഭീകരർക്ക് ആഴക്കടലിലുള്ള ഡൈവിങ് പരിശീലനമാണു പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടക്കുന്നതെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ രാജ്യമെമ്പാടുമുള്ള നാവികസേന ആസ്ഥാനങ്ങൾക്ക് ഉൾപ്പെടെ ജാഗ്രതാനിർദേശം നൽകിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വിവിധ സുരക്ഷാ ഏജൻസികളിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ച് ഇന്ത്യയുടെ മൾട്ടി ഏജൻസി സെന്ററാണ്(എംഎസി) ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയത്. നാവികസേനയുടെ തന്ത്രപ്രധാനമായ ‘സമ്പാദ്യം’ ലക്ഷ്യമിട്ടുള്ള പദ്ധതികളാണു ജയ്ഷെ ഭീകരർ തയാറാക്കുന്നതെന്നാണു വിവരം. നാവികസേനയുടെ യുദ്ധക്കപ്പലുകളെയാണോ അതോ ആണവ മുങ്ങിക്കപ്പലുകളെയാണോ ഭീകരർ ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎൻഎസ് അരിഹന്ത് ഉൾപ്പെടെയുള്ള ബാലിസ്റ്റിക് മിസൈൽ മുങ്ങിക്കപ്പലുകളെയാണോ ഭീകരർ ലക്ഷ്യം വയ്ക്കുന്നതെന്ന സംശയവും ശക്തമാണ്. അരിഹന്തും റഷ്യൻ നിർമിത ആണവ മുങ്ങിക്കപ്പൽ ഐഎൻഎസ് ചക്രയും നിലവിൽ വിശാഖപട്ടണത്താണുള്ളത്. ഈ സാഹചര്യത്തിലാണു രാജ്യത്തെ എല്ലാ നാവിക ബേസുകളിലേക്കും ജാഗ്രതാനിർദേശം പോയിരിക്കുന്നത്.

എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണു നാവികസേന വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നാവിക ആസ്ഥാനങ്ങളിലും തുറമുഖങ്ങളിലും ബഹുതല സുരക്ഷാഗ്രിഡ് ആണ് ഒരുക്കിയിരിക്കുന്നത്. സമുദ്രത്തിന്നടിയിലൂടെ തുറമുഖങ്ങളെ സമീപിച്ചു കൊണ്ടിരിക്കുന്ന എന്തിനെയും തിരിച്ചറിയാൻ സാധിക്കുന്ന സോണാർ സംവിധാനം ഉൾപ്പെടെയാണിത്. ആഴക്കടൽ ഡൈവർമാരുടെ സാന്നിധ്യം തിരിച്ചറിയുകയെന്നതാണ് ഇതിന്റെ പ്രധാന ചുമതല.

തുറമുഖങ്ങളിലും തീരത്തോടു ചേർന്നും നങ്കൂരമിട്ടിരിക്കുന്ന യുദ്ധക്കപ്പലുകൾക്കു നേരെ സുരക്ഷാ ഭീഷണി വിവിധ രാജ്യങ്ങളുടെ പ്രധാന ആശങ്കയാണ്. ഇത്തരം ‘ഇടുങ്ങിയ’ പ്രദേശങ്ങളിൽ ആക്രമണമുണ്ടായാൽ വൻ യുദ്ധക്കപ്പലുകൾക്കു തിരിച്ചടിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. 2000ത്തിൽ യെമനിലെ ഏദൻ തുറമുഖത്തിൽ ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ടിരുന്ന യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് കോളിനു നേരെയുണ്ടായ ആക്രമണത്തിൽ 17 നാവികസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഇടിച്ചു കയറ്റിയായിരുന്നു അൽ ഖായിദയുടെ ആക്രമണം. അൽ ഖായിദയുമായി ബന്ധപ്പെട്ടാണു ജയ്ഷെ മുഹമ്മദിന്റെയും പ്രവർത്തനമെന്നതാണ് ഇന്ത്യയെയും ആശങ്കപ്പെടുത്തുന്നത്. അതിനിടെ, പഠാൻകോട്ട് മാതൃകയിലുള്ള ആക്രമണങ്ങൾക്കു ലഷ്കർ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യ–പാക്ക് അതിർത്തിയിലെ ‘ലോഞ്ചിങ് പാഡു’കളിൽ നിർദേശം കാത്ത് ചുരുങ്ങിയതു പത്തു പേരെങ്കിലുമുള്ള ഭീകര സംഘമുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.