Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശിക്ഷ വൈകുന്നത് വനിതാ കമ്മിഷൻ പരിശോധിക്കണം: ‘നിർഭയ’യുടെ അമ്മ

Nirbhaya Parents ‘നിർഭയ’യുടെ മാതാപിതാക്കൾ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ‘നിർഭയ’ കേസിൽ നാലു പ്രതികൾക്കുള്ള വധശിക്ഷ വൈകുന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട 23കാരിയുടെ മാതാവ് ഡൽഹി വനിതാ കമ്മിഷനെ സമീപിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരുടെയും ശിക്ഷാവിധി നടപ്പിലാക്കാതെ തന്‍റെ മകൾക്കു നീതി ലഭിക്കില്ലെന്നു മാതാവായ ആശാദേവി പറ‍ഞ്ഞു. പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേസിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതു വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി വനിത കമ്മീഷൻ തിഹാർ ജയിൽ അധികൃതർക്കു തിങ്കളാഴ്ച നോട്ടിസ് അയച്ചിരുന്നു. വധശിക്ഷ എത്രയുംപെട്ടെന്നു നടപ്പിലാക്കണമെന്നും ഇതു സമൂഹത്തിനു ശക്തമായ സന്ദേശം നൽകുമെന്നും കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടിസിൽ ചൂണ്ടിക്കാട്ടി. ഇതു രണ്ടാം തവണയാണു ശിക്ഷ നടപ്പിലാക്കാൻ വൈകുന്നതു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആശാദേവി ഡൽഹി വനിതാ കമ്മിഷനെ സമീപിക്കുന്നത്.

2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. ചികിത്സയിലിരിക്കെ സിംഗപ്പൂരിൽ വച്ചായിരുന്നു മരണം. ആറു പ്രതികളാണു കേസിലുണ്ടായിരുന്നത്. ഒന്നാം പ്രതി റാംസിങ് തിഹാർ ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈൽ നിയമം അനുസരിച്ചുള്ള മൂന്നു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയശേഷം പുറത്തിറങ്ങി. അവശേഷിക്കുന്ന നാലു പ്രതികൾക്കാണു 2013ല്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ പിന്നീടു ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചു.

കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കഴിഞ്ഞ വർഷം മേയിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി പിന്നീട് തള്ളി.