Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർഭയഫണ്ടിലെ പണം വേണ്ട രീതിയിൽ ഉപയോഗിക്കണം: സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി ∙ നിർഭയഫണ്ടിൽനിന്നുള്ള പണം വനിതാക്ഷേമ പദ്ധതികൾക്കു വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ നാം ഒന്നും നേടാൻ പോകുന്നില്ലെന്ന് സുപ്രീം കോടതി. 2012 ഡിസംബർ 16ന് ഡൽഹിയിൽ നടന്ന പീഡനവധത്തെതുടർന്നു 2013ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ നിർഭയ ഫണ്ടിൽ നിന്നു സംസ്ഥാനങ്ങൾക്ക് എത്ര വീതം അനുവദിച്ചു, അവ എങ്ങനെ ചെലവഴിച്ചു എന്നീ വിശദാംശങ്ങൾ കോടതിക്കു നൽകാനും ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.

കേസിന്റെ അന്തിമവിധി വരെ കാത്തിരിക്കാതെ അധികൃതർ പീഡനത്തിന് ഇരയായ സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായവും പുനരധിവാസസൗകര്യങ്ങളും ഏർപ്പെടുത്താൻ ഫണ്ട് വിനിയോഗിക്കണമെന്ന്, നിർഭയ ഫണ്ട് വിനിയോഗം സംബന്ധിച്ച കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. പീഡനത്തിന് ഇരയായവരെ വിചാരണസമയം അധികൃതർ പിന്തുണയ്ക്കാത്തതുമൂലം കേസുകൾ പലതും വേണ്ടവിധത്തിൽ നടത്താൻ കഴിയുന്നില്ല.

അതുകൊണ്ടുതന്നെ ഇന്ത്യയിലാണ് ലൈംഗിക അതിക്രമക്കേസുകളിൽ വളരെക്കുറച്ചുപേർ മാത്രം ശിക്ഷിക്കപ്പെടുന്നത്– ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. ഇതിനോടു യോജിച്ച കോടതി നിർഭയ ഫണ്ടിൽ പണമില്ലാത്തതല്ല, അതു വേണ്ടരീതിയിൽ ഉപയോഗിക്കാത്തതാണു പ്രശ്നമെന്നും അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തേടി ഒട്ടേറെ ഹർജികളാണു 2012 ഡിസംബർ 16നു ശേഷം സുപ്രീം കോടതിക്കു മുൻപാകെ എത്തിയിട്ടുള്ളത്.