Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാങ്കർ ദുരന്തമുണ്ടായാൽ ഓടിയെത്താൻ ഇആർവി; പുതുസംവിധാനവുമായി ഐഒസി

Ioc-ivr-kochi കൊച്ചിയിൽ പ്രവർത്തന സജ്ജമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എമർജൻസി റെസ്പോൺസ് വെഹിക്കിൾ(ഇആർവി).

കൊച്ചി ∙ അപകടത്തിൽപെടുന്ന ടാങ്കർ ലോറിയിൽനിന്നു വാതകം അടിയന്തരമായി നീക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി) പ്രവർത്തന സജ്ജമായി. കൊച്ചിയിലും കൊല്ലത്തുമായി 2 ഇആർവികളാണ് ഉടൻ പ്രവർത്തനനിരതമാകുക. ടാങ്കർ അപകടങ്ങൾ ഉണ്ടാകുമ്പോൾ വാതകം എത്രയും പെട്ടെന്നു മറ്റൊരു ടാങ്കറിലേയ്ക്കു മാറ്റുകയും സ്ഥലത്തു തീപിടിത്തവും സ്ഫോടനവും ഉണ്ടാകാതെ സംരക്ഷിക്കുകയുമാണ് ഇആർവിയുടെ ദൗത്യം. സംസ്ഥാനത്ത് എവിടെ ടാങ്കർ ദുരന്തമുണ്ടായാലും ഇവയെത്തും.

ഇആർവിയുടെ സവിശേഷതകൾ

തീപിടിത്തം തടയുന്നതിനു ഹൈഡ്രോളിക് പമ്പുകൾ, ആയിരം ലീറ്റർ ശേഷിയുള്ള വാട്ടർടാങ്ക്, എച്ച്എസ്പി, എംഎസ്, മണ്ണെണ്ണ എന്നിവയ്ക്കുള്ള പിഒഎൽ പമ്പ്, ടെലസ്കോപിക് എൽഎപി ലൈറ്റുകളോടു കൂടിയ 5 കെവിഎ ജനറേറ്റർ, എഫ്എൽപി, എക്സ്ഹോസ്റ്റ്, സ്യൂട്ടുകൾ, ശ്വസനോപകരണങ്ങൾ തുടങ്ങിയവയാണു കൊച്ചിയിൽ അനാവരണം ചെയ്ത ഇവിആറിന്റെ സവിശേഷതകൾ. 250 എൽപിഎം ശേഷിയുള്ള എൽപിജി പമ്പുകളാണ് ഇആർവിയിലുള്ളത്. ഹൈപ്രഷർ ഹോസുകൾ ഉപയോഗിക്കുന്നതിനാൽ വാതകം മാറ്റുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവാണ്.

കരുനാഗപ്പള്ളിയിലും ചാലയിലും ദുരന്തം വിതച്ച ടാങ്കർ അപകടങ്ങൾ മലയാളിയുടെ മനസിലെ മായാത്ത മുറിപ്പാടുകളാണ്. ഈ ദുരന്തങ്ങളിലൂടെ ‘സഞ്ചരിക്കുന്ന ബോംബുകൾ’ എന്ന വിശേഷണമാണു ടാങ്കർ ലോറികൾക്കു ലഭിച്ചത്. ഇനി ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിലാണ് എമർജൻസി റസ്പോൺസ് വെഹിക്കിൾ പ്രവർത്തന സജ്ജമായത്.

കേരളത്തിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ഇആർവി സ്വന്തമായുള്ള ഏക എണ്ണക്കമ്പനിയും ഐഒസിയാണ്. കൊച്ചി ഐഒസി ബോട്‍ലിങ് പ്ലാന്റിൽ വാഹനത്തിന്റെ ഉദ്ഘാടനവും മോക്ക് ഡ്രില്ലും നടന്നു. മികച്ച എനർജി മാനേജ്മെന്റ് സംവിധാനത്തിനുള്ള ഒഎച്ച്എസ്എഎസ് 14001,18001 സർട്ടിഫിക്കേഷനും ഐഎസ്ഒ 5001ഉം ഐഒസിക്കു ലഭിച്ചിട്ടുണ്ട്.