Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബിജെപിയുടെ തോണി’യിൽ കൊമ്പുകോർത്ത് കോൺഗ്രസ്–സിപിഎം; ഒടുവിൽ ബഹിഷ്കരണം

All Party Meeting - Sabarimala

തിരുവനന്തപുരം ∙ കോണ്‍ഗ്രസും ബിജെപിയും ഒരേ തോണിയില്‍ തുഴയുന്നവരാണെന്നു സർവകക്ഷിയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരേ തോണിയില്‍ സിപിഎമ്മും ബിജെപിയുമാണെന്ന് ആര്‍എസ്എസ് നേതാവ് വല്‍സൻ തില്ലങ്കേരിയുടെ പ്രസംഗം കേട്ടാലറിയാമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരിച്ചടി. ഇത്തരം ചെറിയ വാക്കുതര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ യോഗത്തില്‍ ‘പൊട്ടിത്തെറികളുണ്ടായില്ല’. 

മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നതിനിടെ, സുപ്രീംകോടതി വിധി നടപ്പാക്കാതെ മറ്റു മാർഗമില്ലെന്നു മുന്‍മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഇതിനെ മുല്ലപ്പള്ളി എതിര്‍ത്തതോടെ മുഖ്യമന്ത്രി ഇടപെട്ടു. എല്ലാവർക്കും സംസാരിക്കാന്‍ അവസരമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധിയോട് ആദരവുള്ളയാളാണു തോമസ് ചാണ്ടിയെന്നു തമാശരൂപേണ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ വ്യക്തമാക്കി. ഒടുവില്‍ 5 മിനിറ്റ് നീണ്ട മറുപടി പ്രസംഗത്തില്‍, കോടതിയില്‍ സാവകാശം തേടാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ 11ന് തുടങ്ങിയ യോഗം 1.35ന് അവസാനിച്ചു.

മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തോടെയാണു യോഗം ആരംഭിച്ചത്. കോടതിവിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും കോടതി നിര്‍ദേശങ്ങളും ആമുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സാവകാശം തേടണമെന്ന് ആവശ്യപ്പെട്ടു. പമ്പയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഭക്തർക്കു ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു ശരിയല്ല. സുപ്രീംകോടതി വാദം കേള്‍ക്കുന്ന 22 വരെ വിധി നടപ്പിലാക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തുടര്‍ന്നു സംസാരിച്ച എല്‍ഡിഎഫ് നേതാക്കളായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും കോടതി വിധി നടപ്പിലാക്കുന്നതില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നു വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ചാണു പി.സി.ജോര്‍ജ് എംഎല്‍എ സംസാരിച്ചത്. ബൈക്കുകള്‍ അടിച്ചു തകര്‍ക്കാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

കക്ഷിനേതാക്കളുടെ പ്രസംഗം അവസാനിച്ചതോടെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ആരംഭിച്ചു. കോടതി ഉത്തരവും ക്രമസമാധാന പ്രശ്നവുമെല്ലാം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വിധി നടപ്പിലാക്കാന്‍ സുപ്രീംകോടതിയില്‍ സാവകാശം തേടില്ലെന്നു വ്യക്തമാക്കിയതോടെ യോഗം അവസാനിച്ചു. യോഗം ബഹിഷ്ക്കരിച്ചതായി കോണ്‍ഗ്രസും ബിജെപിയും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കു പ്രത്യേക ദര്‍ശന ക്രമീകരണം ഒരുക്കുമെന്ന കാര്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി യോഗത്തില്‍ ഒന്നും പറഞ്ഞില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.