Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രം: സമ്മർദ്ദറാലിയുമായി ശിവസേന–വിഎച്ച്പി; സുരക്ഷാകോട്ടയായി അയോധ്യ

ayodhya-poster വിഎച്ച്പി റാലിക്കു മുന്നോടിയായി അയോധ്യയിൽ ഉയർത്തിയ ബാനർ.

അയോധ്യ(യുപി)∙ രാമക്ഷേത്ര നിർമാണം എന്ന ആവശ്യം ഉയർത്തി ഞായറാഴ്ച ശിവസേനയും വിഎച്ച്പിയും പ്രഖ്യാപിച്ച റാലികൾക്കു മുന്നോടിയായി അയോധ്യയില്‍ കനത്ത സുരക്ഷാവലയം ഒരുക്കി യോഗി സര്‍ക്കാര്‍. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തിൽ വിന്യസിച്ചത്. എഴുന്നൂറോളം കോൺസ്റ്റബിൾമാർ, 160 ഇൻസ്പെക്ടർമാർ, അഞ്ച് കമ്പനി ദ്രുതകർമ സേന, ഭീകരവിരുദ്ധ സ്ക്വാഡ് കമാൻഡോകൾ തുടങ്ങിയവരും നഗരത്തിൽ സുരക്ഷാവലയം തീർക്കുന്നു.

ഒരു അഡീഷണൽ ഡിജിപി, ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, മൂന്ന് സീനിയർ എസ്പിമാർ, പത്ത് അഡീഷനൽ എസ്പിമാർ എന്നിവരാണ് സുരക്ഷയ്ക്കു നേതൃത്വം നൽകുന്നത്. നഗരത്തിൽ ഉടനീളം ഡ്രോൺ ക്യാമറകളും സജ്ജമാക്കി. ‘ധർമ സൻസദ്’ എന്ന പേരിൽ സന്യാസിമാരെയും വിശ്വാസികളെയും പ്രവർത്തകരെയും പങ്കെടുപ്പിക്കുന്ന വൻ പരിപാടിയാണ് ഞായറാഴ്ച വിഎച്ച്പി പദ്ധതിയിടുന്നത്.

1992 ന് ശേഷം ഏറ്റവുമധികം വിശ്വാസികളെ രാമജന്മഭൂമിയിൽ അണിനിരത്തുന്ന പരിപാടിയാകും ഇതെന്നാണ് വിഎച്ച്പി നേതാക്കളുടെ അവകാശവാദം. ഞായറാഴ്ചത്തെ റാലിയിൽ പങ്കെടുക്കുന്നവർക്കായി മൂന്നു ലക്ഷം ഭക്ഷണപ്പൊതികളാണ് വിഎച്ച്പി തയ്യാറാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

രാമക്ഷേത്രം ഉടൻ വേണം എന്ന മുദ്രാവാക്യവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുംബൈയിൽ നിന്ന് ശനിയാഴ്ച ഉച്ചയോടെ അയോധ്യയിലെത്തി. രാമജന്മഭൂമിയിൽ ഞായറാഴ്ച സന്ദർശനം നടത്തുന്ന ഉദ്ധവ് പൂണെയിലെ ശിവ്നേരി കോട്ടയിൽ നിന്നുള്ള മണൽ അടങ്ങിയ കലശം രാമജന്മഭൂമിയിലെ പൂജാരികൾക്ക് കൈമാറും. രാമക്ഷേത്രനിർമാണത്തിൽ ശിവസേനയുടെ വികാരം പ്രതീകാത്മകമായി സൂചിപ്പിക്കാനാണിത്.

സരയൂ നദിയിലെ ആരതി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം പ്രവർത്തകരെ ഉദ്ധവ് അഭിസംബോധന ചെയ്യുമെന്നാണ് വിവരം. ഏകദേശം 3,000–4,000 പ്രവർത്തകരെയാണ് അയോധ്യയിലെ റാലിയിൽ ശിവസേന നേതൃത്വം പ്രതീക്ഷിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഇതിലുമേറെപ്പേരെ അണിനിരത്താനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. 

അയോധ്യയിൽ സുരക്ഷ ശക്തമാക്കണമെന്ന് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റാലികളിൽ ആശങ്ക വേണ്ടെന്ന് വിഎച്ച്പി നേതാക്കൾ ഉറപ്പു പറയുന്നു. തിരഞ്ഞെടുപ്പു വർഷത്തിലേക്ക് രാജ്യം നീങ്ങവെ രാമക്ഷേത്രവിഷയം ഉയർത്തിപ്പിടിക്കാൻ തന്നെയാണ് ശിവസേനയും പരിവാർ സംഘടനകളും ലക്ഷ്യമിടുന്നത്. 

മഹാരാഷ്ട്രയുടെ പല മേഖലകളിൽ നിന്ന് പ്രത്യേക ട്രെയിനുകളിൽ ഒട്ടേറെ ശിവസേനാ പ്രവർത്തകർ യുപിയിൽ ഇതിനകം എത്തിക്കഴിഞ്ഞു. റാലിയോ, വലിയ പൊതുസമ്മളനങ്ങളോ ശിവസേന അയോധ്യയിൽ സംഘടിപ്പിക്കുന്നില്ല. അതിന് യുപി സർക്കാർ അനുമതിയും നൽകിയിട്ടില്ല. എന്നാൽ, ഉദ്ധവ് അയോധ്യയിൽ പ്രാർഥന നടത്തുമെന്ന് ശിവസേന കേന്ദ്രങ്ങൾ അറിയിച്ചു.

ക്ഷേത്രനിർമാണത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് യാത്രയെന്നാണ് ശിവസേനയുടെ വിശദീകരണം. ബിജെപിയും പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം മറക്കുകയാണെന്നും രാമക്ഷേത്രനിർമാണത്തെക്കുറിച്ച് അവർ മനസ്സു തുറക്കാത്തതതെന്താണെന്നുമാണു ശിവസേനയുടെ ചോദ്യം.

യഥാർഥ ഹൈന്ദവ പാർ‍ട്ടിയെന്നു സ്ഥാപിക്കുക എന്നതാണ് ഉദ്ധവിന്റെ അയോധ്യയാത്രയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതുവഴി പ്രഹരം ഏൽപിക്കാൻ ഉദ്ദേശിക്കുന്നത് സഖ്യകക്ഷിയായ ബിജെപിക്കു തന്നെ. മഹാരാഷ്ട്രയിൽ ബിജെപി വരിഞ്ഞുമുറുക്കാൻ ശ്രമിക്കുമ്പോൾ ബിജെപിയുടെ സ്വാധീനമേഖലകളിൽ കാലുറപ്പിച്ച് ദേശീയ തലത്തിലേക്ക് ശിവസേനയുടെ ചിറകു വിടർത്താനും ഉദ്ധവ് അയോധ്യ സന്ദർശനം വഴി ലക്ഷ്യമിടുന്നു.

തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മാത്രമാണ് ബിജെപി അയോധ്യവിഷയം ഏറ്റുപിടിക്കാറുള്ളതെന്നും പ്രധാനമന്ത്രിയായ ശേഷം ഒട്ടേറെ ലോകരാഷ്ട്രങ്ങളിൽ പോയ നരേന്ദ്ര മോദി അയോധ്യയിൽ സന്ദർശനം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കുന്ന ശിവസേന സഖ്യകക്ഷിക്ക് പ്രതിപക്ഷത്തെക്കാളേറെ തലവേദനയാണു സൃഷ്ടിക്കുന്നത്.

ബാബ്‌റി മസ്ജിദ് തകർക്കാൻ 17 മിനിറ്റാണ് എടുത്തതെന്നും രാമക്ഷേത്ര നിർമാണത്തിനായുള്ള ഓർഡിനൻസ് ഇറക്കാൻ എത്ര സമയം വേണമെന്നും ബിജെപിയോട് ശിവസേന ഇതിനകം ചോദിച്ചുകഴിഞ്ഞു. ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കാനിരിക്കെ അവിടെ ക്രമീകരണങ്ങൾക്കായി എത്തിയ പാർട്ടിയുടെ മുതിർന്ന േനതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് വിവാദ ചോദ്യമുയർത്തിയത്.

കേന്ദ്രവും യുപിയും ഭരിക്കുന്നത് ബിജെപിയാണ്. രാഷ്ട്രപതി ഭവനിലും രാജ്ഭവനിലും ബിജെപിയുടെ പ്രതിനിധികളാണുള്ളത്. അപ്പോൾ എത്ര സമയം എടുക്കും ഓർഡിനൻസ് ഇറക്കാൻ – സഞ്ജയ് റാവുത്ത് ചോദിച്ചു. എത്രയും പെട്ടെന്ന് ക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചല്ല തങ്ങളുടെ അയോധ്യ യാത്രയെന്നും റാവുത്ത് വ്യക്തമാക്കി.

‘ആദ്യം രാമക്ഷേത്രം, തുടർന്ന് സർക്കാർ’ എന്ന മുദ്രാവാക്യമാണ് ശിവസേന മുന്നോട്ടു വയ്ക്കുന്നത്. ആദ്യം ക്ഷേത്രം നിർമിക്കുക, അതിനു ശേഷം അടുത്ത സർക്കാരിനെക്കുറിച്ച് ആലോചിക്കുക എന്ന മുദ്രാവാക്യം എല്ലാ ഹൈന്ദവരും ഏറ്റെടുക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നു.

മധ്യസ്ഥചർച്ചയ്ക്ക് തയാറെന്ന് റിസ്‌വി

രാമജന്മഭൂമി– ബാബറി മസ്ജിദ് ഭൂമിതർക്ക കേസ് കോടതിക്കു പുറത്തു തീർക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി മധ്യസ്ഥ ചർച്ച നടത്താൻ തയാറാണെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്‌വി ഈ മാസമാദ്യം വ്യക്തമാക്കിയിരുുന്നു. 

വിശ്വഹിന്ദു പരിഷത്, മുസ്‌ലിം വ്യക്തിനിയമ ബോർഡ്, സുന്നി വഖഫ് ബോർഡ് ഭാരവാഹികളുമായും പണ്ഡിതരുമായും ഉടൻ കൂടിക്കാഴ്ച നടത്തും. കോടതിവിധി ഏതായാലും ഒരുവിഭാഗത്തിന് എതിരാവും. ഇതുവഴിയുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒത്തുതീർപ്പാണു നല്ലത്– റിസ്‌വി ചൂണ്ടിക്കാട്ടി. ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും മുസ്‌ലിംകൾ വിശാലമനസ്കത കാണിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

കേസിൽ നേരത്തേ വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി, ഏതു ബെഞ്ച് എന്നു വാദം കേൾക്കുമെന്നു ജനുവരി ആദ്യവാരം തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

related stories