Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപൂജ പുണ്യപ്രദം

ഗോപൂജ

ഗോപൂജ നടത്തിയാൽ ദാരിദ്ര്യവും ദുഃഖങ്ങളും അകലുമെന്നാണു ഭാരതീയവിശ്വാസം. ഭാരതത്തിൽ ഗോക്കൾക്ക് ധാർമികവും സാമൂഹികമായും സാമ്പത്തികമായും ഉന്നതസ്ഥാനം നൽകിവരുന്നു. പുരാണങ്ങളിലും മറ്റു കൃതികളിലും ധാരാളമായി പരാമർശങ്ങളുമുണ്ട്. മഹത്വവും കൽപിച്ചിട്ടുണ്ട്.

ഗോപൂജ നടത്തിയാൽ ദാരിദ്ര്യവും ദുഃഖങ്ങളും പാപങ്ങളും അകലും. ദേവഗണമായി ഗോക്കളെ പരിഗണിച്ചു വരുന്നു. ആത്മീയ തലത്തില്‍ ഗോക്കളെ ആരാധിക്കാനും പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഭാരതീയ ജീവിതത്തിൽ ഗോക്കൾ അവിഭാജ്യഘടകമാണ്. ഔഷധങ്ങളുടെ കലവറയുമാണ്. പാൽ, നെയ്യ്, തൈര്, ഗോമൂത്രം ഇവ മഹത് പഞ്ചഗവ്യം എന്ന പേരിൽ വളരെയധികം പ്രസിദ്ധവും പവിത്രവുമായ ദിവ്യഔഷധമാണ്. സ്ഥലശുദ്ധിക്കും ആരോഗ്യപുഷ്ടിക്കും പൂജാദികർമത്തിനും ഫലപ്രദമാണ്.

ഗോമൂത്രവും ചാണകവും ജൈവകൃഷിയുടെ സുപ്രധാന ഘടകവുമാണ്. ഭൂമീദേവിയും ലക്ഷ്മീദേവിയും വിളയാടുന്ന അന്നമയമായ കൃഷിഭൂമിയെ ഗോമാതാവ് അമൃതമയമാക്കുന്നു.

ഗോമൂത്രം ഔഷധവീര്യമുള്ളതാണ്. പ്രമേഹം, രക്തസമ്മർദ്ദം, ത്വക്ക് രോഗങ്ങൾ, ക്യാൻസർ, കൊളസ്ട്രോൾ, ഫൈബ്രോയ്ഡ് എന്നിങ്ങനെ ഒട്ടേറെ അസുഖങ്ങൾ നേരിടാനുള്ള ഔഷധമൂല്യമുള്ള ഇവയെ മേന്മയും മഹത്വവും ദിവ്യത്വവുമുള്ളതായി നാം പണ്ടുതന്നെ തിരിച്ചറിഞ്ഞിരുന്നു.

ഗോദാനം ഏറ്റവും പുണ്യദായകമാണ്. സന്താന ഭാഗ്യത്തിന് ഉത്തമമാണു ഗോദാനം.

ഗോപൂജ ചെയ്താൽ നവഗ്രഹപീഡകളും നവഗ്രഹദോഷവും അകലുന്നു. മംഗല്യസിദ്ധി ലഭിക്കാത്തവരും കുടുംബജീവിതം ഭദ്രമല്ലാതെ ചിന്നിച്ചിതറുന്നവരും ഗോപൂജ നടത്തിയാൽ ഫലസിദ്ധി കിട്ടും. രോഗവും വ്യാധിയും ശമിച്ച് ആരോഗ്യജീവിതം ലഭിക്കുന്നതിനും ദാരിദ്ര്യം മാറുന്നതിനും ശ്രീസൂക്തം ചൊല്ലി പൂജിച്ച് ദാനം ചെയ്യണം. കോടതി വ്യവഹാരത്തിൽ വിജയം നേടാനും ശത്രുത അകലാനും പിതൃശാപം ഋഷിശാപം, മറ്റുള്ളവരുടെ ശാപം, സ്ത്രീ ശാപം തുടങ്ങി സർവ്വപാപങ്ങളിൽ നിന്നും ഗോപൂജയിലൂടെ മുക്തി ലഭിക്കുന്നു. ഗോക്കൾക്ക് ഭക്ഷണാദികൾ നൽകിയാലും ദോഷശമനം ഉണ്ടാകും. പശുവിനെ ഉപദ്രവിക്കാനോ കാലുകൊണ്ട് ചവിട്ടാനോ പാടില്ല. അത് മഹാപാപമാണ്. പശുക്കളെ ദർശിക്കുന്നത് അത്യുത്തമമാണ് പശുവിനെ കാമധേനുവായി കരുതേണ്ടതാണ്. പ‍ഞ്ചഗവ്യത്തിലെ പാല് ശത്രുനാശവും തൈര് പുത്രഭാഗ്യവും നെയ്യ് മോക്ഷവും, ഗോചലം ലക്ഷ്മീകടാക്ഷവും ഗോമയം ആരോഗ്യവും പ്രദാനം ചെയ്യുന്നു. അതിനാലാണ് പൂജയിലും ഹോമത്തിലുമിത് ഉപയോഗിക്കുന്നത്.

ഗോദാന വിധികൾ

ബാധ്യതയാകുന്ന പശുവിനെ മറ്റൊരാൾക്ക് നൽകുന്നതു ഗോദാനമല്ല. അമ്മപ്പശുവിനെയും പാൽ കുടിക്കുന്ന കുഞ്ഞിനെയും വേർപിരിച്ച് ദാനം ചെയ്യരുത്. കറവപ്പശുവിനെ ദാനം നൽകണം. കാളയെയും ദാനം ചെയ്യുന്നത് അത്യുത്തമം.

രാവിലെ എഴുന്നേറ്റാലുടൻ പശുവിനെ കണികാണുകയും, ഒരു പിടി പുല്ലു കൊടുക്കുകയും വേണം. ഇവർക്ക് ഭക്ഷണം നൽകിയ ശേഷമേ നാം കഴിക്കാവൂ. പശു തനിക്കായി ജീവിക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്ന ഉത്തമപിറവിയാണ്. പശുവിന്റെ നല്ല സംസ്കാരം മനസ്സിലാക്കിയിട്ടാവണം പൂർവ്വികർ തനിക്കായി ജീവിക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്ന പശുവിനെ തൊഴുത് വണങ്ങുന്നതും ഗുരുവായി സ്വീകരിക്കുന്നതും. വലംവച്ചു തൊഴുതാൽ എല്ലാ പാപവുമകന്ന് പുണ്യവും സർവ്വാഭീഷ്ടവും ഉണ്ടാകും. ശർക്കര ചേർത്ത അരിയും അഗതിച്ചീരയും നൽകി പശുവിനെ വണങ്ങണം. എല്ലാ ദേവാലയങ്ങളിലും പശുക്കളെ വളർത്തി അതിന്റെ പാൽ അഭിഷേകം ചെയ്യുന്നതാണ് ഉത്തമം. 

ലേഖനം തയ്യാറാക്കിയത് 

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort  Trivandrum -695023

Phone Number- 9497009188

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions