Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപര ഏകാദശി; വ്രതം നോറ്റാൽ അപാരമായ ധനവും കീര്‍ത്തിയും

Vishnu

ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോള്‍ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. മെയ് 11 വെള്ളിയാഴ്ച കൃഷ്ണപക്ഷ ഏകാദശിയായ ‘അപര’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചല’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ പോലെ അപര ഏകാദശിയും വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ്. അപരഎന്നാൽ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. ഈ ഏകാദശി നോൽക്കുന്നവർക്ക് കൊടുംപാപങ്ങളിൽ നിന്നു പോലും മോചനം ലഭിക്കുന്നു. 

സ്വർണ്ണം, ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്. 

അപര ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ, പുത്രനില്ലാത്തവർക്ക് പുത്രനേയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ സകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നൽകി വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നു. അപര ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവർക്ക് വളരെയധികം ധനവും, പുണ്യവും, കീർത്തിയും നൽകി തന്റെ ഭക്തരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നതാണ്.