Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കൂട്ടമരണം മോക്ഷപ്രാപ്തിക്കുള്ള പ്രാർഥനയ്ക്കിടെ

Gang Suicide

ഡല്‍ഹി ബുറാഡിയില്‍ കൂട്ടമരണം നടന്ന കുടുംബത്തിലെ പതിനൊന്ന് പേരും ആത്മഹത്യചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിനു കിട്ടി. വീട്ടില്‍നിന്ന് കണ്ടെടുത്ത ഒന്‍പത് ഡയറികളിലെ കുറിപ്പുകളാണ് ഈ നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. അന്വേഷണത്തില്‍ മനഃശാസ്ത്രവിദഗ്ധരുടെ സഹായം തേടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 

പതിനൊന്ന് പേരുടെ കൂട്ടമരണം നടന്ന വീട്ടില്‍ നിന്ന് ഒന്‍പത് ഡയറികള്‍ കൂടി പൊലീസിന് ലഭിച്ചതോടെ ആകെ കണ്ടെടുത്ത ഡയറികളുടെ എണ്ണവും പതിനൊന്നായി. കുടുംബം ഒരുഘട്ടത്തിലും ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഗൃഹനാഥനായ ലളിത് ഭാട്ടിയ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഈ നിലപാടിലേക്ക് പൊലീസിനെ കൊണ്ടുപോകുന്നത്.  മോക്ഷപ്രാപ്തിക്കായുള്ള പ്രാര്‍ഥനയുടെ ഭാഗമായാണ് കഴുത്തിലൂടെ കയറ് മുറുക്കിയുള്ള ക്രിയയെന്നും മരണത്തെ മുഖാമുഖം കാണുമ്പോള്‍ താഴെ വച്ചിരിക്കുന്ന പച്ചവെള്ളത്തിന്റെ നിറംനീലയായി  മാറുമെന്നും അപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടുമെന്നും കുറിപ്പുകളിലുണ്ട്.

വീട്ടിലുള്ളവരെല്ലാം ഇത് വിശ്വസിച്ചിരിക്കാമെന്ന് പൊലീസ് കരുതുന്നു. വീട്ടിലെ അടുക്കളയില്‍ രാവിലെത്തെ ഭക്ഷണത്തിനുള്ള പരിപ്പും മറ്റും തയ്യാറാക്കി വച്ചിരിക്കുന്നതും ഈ സംശയം ബലപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്നവര്‍ പിറ്റേ ദിവസത്തെക്കുള്ള ഭക്ഷണം തയ്യാറാക്കേണ്ട കാര്യമെന്താണെന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന് മനഃശാസ്ത്രവിദഗ്ധരുടെ സഹായം തേടാനുള്ള നീക്കത്തിലാണ് പൊലീസ്.