Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനഡയില്‍ വന്‍ സൈബര്‍ തട്ടിപ്പ്: പിന്നില്‍ അഭ്യസ്തവിദ്യരായ ഇന്ത്യന്‍ യുവാക്കള്‍

scam

സൈബര്‍ തട്ടിപ്പു നടത്തി കേരളത്തില്‍ നിന്നടക്കം പണം അപഹരിക്കുന്ന നൈജീരിയക്കാരെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. എന്നാല്‍ അടുത്തിടെ കാനഡയില്‍ നിന്നൊരു വന്‍ സൈബര്‍ തട്ടിപ്പിന്റെ കഥ പുറത്തുവന്നു. പ്രതികൾ അഭ്യസ്തവിദ്യരായ ഇന്ത്യൻ യുവാക്കളും.കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പിന്റെ അടിവേരുകള്‍ ചികഞ്ഞെത്തിയവര്‍ എത്തി നിന്നത് മുംബൈ അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലെ കോള്‍ സെന്ററുകളിലാണ്. 

‘സിആര്‍എ ഫോണ്‍ സ്‌കാം’ എന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ ഈ സൈബര്‍ തട്ടിപ്പിനെ വിളിക്കുന്നത്. കാനഡയിലെ നികുതിസംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാനഡ റവന്യൂ ഏജന്‍സിയുടെ ചുരുക്കെഴുത്താണു സിആര്‍എ. ഈ ഏജന്‍സിയുടെ പേരു പറഞ്ഞാണു സൈബര്‍ കുറ്റവാളികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അറുപതിനായിരത്തോളം കാനഡക്കാരെ തട്ടിപ്പിന് ഇരയാക്കിയത്.

ഇവരില്‍നിന്ന് ഇക്കാലയളവില്‍ അടിച്ചു മാറ്റിയതാകട്ടെ 16 ദശലക്ഷത്തിലധികം കനേഡിയന്‍ ഡോളറും. (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ). കാനഡയിലേക്കു പുതുതായി കുടിയേറിയവരും പ്രായമായവരുമാണ് തട്ടിപ്പിനു ഇരയായവരില്‍ അധികവും. 

തട്ടിപ്പിന്റെ ആരംഭം 
ഫോണിലേക്കു വരുന്ന ഒരു ഓട്ടമേറ്റഡ് വോയിസ് റെക്കോര്‍ഡ് കോള്‍ വഴിയാണു തട്ടിപ്പിന്റെ തുടക്കം. ‘നിങ്ങള്‍ നികുതി വെട്ടിപ്പു നടത്തിയതായി കാനഡ റവന്യൂ ഏജന്‍സിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഉടനെ അറസ്റ്റ് ചെയ്യപ്പെടുകയും നിങ്ങളുടെ ജോലി നഷ്ടപ്പെടുകയും ചെയ്യും’ എന്ന ഭീഷണിയാണ് ഈ സന്ദേശം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളുടെ നമ്പരിലേക്കു തിരികെ വിളിക്കണമെന്നും റെക്കോര്‍ഡഡ് സന്ദേശത്തില്‍ പറയും. മിക്കവരും അവഗണിക്കുന്ന ഈ കോളില്‍ പക്ഷേ ചില നിര്‍ഭാഗ്യവാന്മാര്‍ വീണു പോകും. പരിഭ്രാന്തരായി തിരിച്ചുവിളിക്കുന്നതോടെ തട്ടിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നു. 

ഫോണെടുക്കുന്നയാള്‍ കാനഡ റവന്യൂ ഏജന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നാണു പരിചയപ്പെടുത്തുക. തുടര്‍ന്നു നികുതി വെട്ടിപ്പിന്റെ വന്‍ കണക്കുകളും അതിന്റെ ശിക്ഷകളുമൊക്കെ വിവരിക്കും. അറസ്റ്റ്, ജോലിയില്‍നിന്നു പിരിച്ചുവിടല്‍, സ്വത്തു പിടിച്ചെടുക്കല്‍, കുട്ടികളുടെ പഠനം അവസാനിപ്പിക്കല്‍ തുടങ്ങിയ ഭീഷണികളാണു നല്ല വെടിപ്പുള്ള ഇംഗ്ലിഷില്‍ തട്ടിപ്പുകാര്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ഇര വീണെന്നു കണ്ടാല്‍, ഒത്തുതീര്‍പ്പ് എന്ന മട്ടില്‍ ഒരു തുക അടച്ചു നടപടികളില്‍നിന്നു രക്ഷപ്പെടാനുള്ള ഉപദേശം വരും. 700 മുതല്‍ ഒരു ലക്ഷം വരെ ഡോളര്‍ ബിറ്റ്‌കോയിനുകളായോ ഗിഫ്റ്റ് കാര്‍ഡുകളായോ നല്‍കാനാണു പലപ്പോഴും ആവശ്യപ്പെടുക.

നിരവധി പരാതികള്‍ ഉയര്‍ന്നതോടെ കനേഡിയന്‍ അധികൃതര്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ മുംബൈയിലെ ചില കോള്‍ സെന്ററുകള്‍ റെയ്ഡ് ചെയ്യുകയും ചിലത് അടച്ചു പൂട്ടുകയും ചെയ്തു. എന്നാല്‍ മുംബൈ പോലുള്ള പ്രധാന നഗരങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ ടയര്‍ 2, 3 നഗരങ്ങളില്‍നിന്നു വരെ നിരവധി സംഘങ്ങള്‍ ഇത്തരം സൈബര്‍ തട്ടിപ്പു നടത്തുന്നതായാണ് സൂചന. 

തട്ടിപ്പുകാരില്‍ വിദേശ വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാരും
ഇതിനിടെ, കാനഡയിലെ പൊതുമേഖലാ വാര്‍ത്താ സേവന കമ്പനിയായ സിബിസി ന്യൂസ് തട്ടിപ്പു കോളുകള്‍ പിന്തുടര്‍ന്നു മുംബൈയിലെ ചില പ്രദേശങ്ങളിലടക്കം എത്തി. ചില തട്ടിപ്പുകാരുമായി സംസാരിക്കാനും സിബിസി ന്യൂസിനു സാധിച്ചു. തട്ടിപ്പുകാരില്‍ പലരും 20-25 വയസ്സുകാരാണ്. അഭ്യസ്തവിദ്യരായ, ഇംഗ്ലിഷ് അനായാസം‌ സംസാരിക്കാന്‍ കഴിയുന്നവര്‍. പാശ്ചാത്യ രാജ്യങ്ങളെപ്പറ്റി നല്ല വിവരവുമുണ്ട്. 

പ്രതിമാസം 400 ഡോളര്‍ വരെ തട്ടിപ്പിലൂടെ സമ്പാദിക്കാമെന്നു സിബിസി ന്യൂസുമായി സംസാരിച്ച സൈബര്‍ തട്ടിപ്പുകാരന്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സോ മറ്റു സൗകര്യങ്ങളോ ഒന്നും ഇന്ത്യയിലില്ലെന്നും നന്നായി ജീവിക്കണമെങ്കില്‍ ഈ വിധം പണമുണ്ടാക്കിയാലേ സാധിക്കുകയുള്ളൂ എന്നും തട്ടിപ്പുകാരന്‍ കുറ്റസമ്മതം നടത്തുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളേക്കാൾ ഭേദപ്പെട്ട കാനഡയില്‍ ജീവിക്കുന്നവരെന്ന നിലയില്‍ ഇരകളോടു യാതൊരു സഹാനുഭൂതിയും തട്ടിപ്പുകാരന്‍ പ്രകടിപ്പിച്ചില്ലെന്നും സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തെ മികച്ച സ്ഥാപനങ്ങളില്‍ പഠനം നടത്തിയവര്‍ വരെ തട്ടിപ്പുകാരിൽ ഉള്‍പ്പെടുന്നതായും സിബിസി പറയുന്നു. 

കാനഡയിലേക്കു പുതുതായി കുടിയേറി വരുന്നവരില്‍ പലര്‍ക്കും രാജ്യത്തെ നികുതി സംവിധാനത്തെക്കുറിച്ചോ പൊലീസിങ്ങിനെക്കുറിച്ചോ വലിയ ധാരണയുണ്ടാകില്ല. ഇതാണു സൈബര്‍ തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ഇരകളുടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍നിന്നു ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളും ഭീഷണിയുടെ ആക്കം കൂട്ടാന്‍ ഉപയോഗിക്കുന്നു. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനൊപ്പം ജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് കാനഡ റവന്യൂ ഏജന്‍സി.