Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയെന്നുറപ്പിക്കാതെ വനപാലകർ

റാന്നി ഐത്തല സർവീസ് സ്റ്റേഷനു സമീപം കാണപ്പെടുന്ന ജീവി പൂച്ച വർഗത്തിൽപെട്ടതാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും വനപാലകർ. പുലിയെന്നു കരുതുന്ന ജീവിയെ ഇന്നലെ പുലർച്ചെ നേരിൽ കണ്ടെന്ന് വീട്ടുടമ. ജീവിയെ പിടിക്കാൻ കൂടൊരുക്കി വനപാലകരും. 6 ദിവസം മുൻപാണ് ഐത്തല സർവീസ് സ്റ്റേഷനു സമീപം പുരയിടങ്ങളിലും റോഡിലും ജീവിയുടെ കാൽപാടുകൾ കാണപ്പെട്ടു തുടങ്ങിയത്.

പകൽ ഇതിനെ കണ്ടിട്ടില്ല. നേരം പുലരുമ്പോൾ പറമ്പുകൾ നിറയെ കാൽപാടുകളാണ്. ഓതറമണ്ണിൽ ഷാജിയുടെ വീട്ടിലെ പട്ടിക്കൂടിനു സമീപമാണ് കൂടുതൽ കാൽപാടുകൾ കാണുന്നത്. ഇന്നലെ പുലർച്ചെ നാലരയോടെ പട്ടിയുടെ തേങ്ങിക്കരച്ചിൽ കേട്ട് ഷാജി ലൈറ്റിട്ടപ്പോഴാണ് ജീവി ഓടിപ്പോകുന്നതു കണ്ടത്. 3 അടിയോളം ഉയരമുണ്ടെന്നും പുള്ളിയോടു കൂടിയ ചന്ദനക്കളറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം മറ്റൊന്നു കൂടിയുണ്ടെന്ന് സമീപവാസിയും വനപാലകരെ അറിയിച്ചു. 

ചെറിയ കാൽപാടുകളും പുരയിടങ്ങളിൽ കാണാനുണ്ട്. കാൽപ്പാടുകൾ അവസാനിക്കുന്നത് പമ്പാനദി തീരത്താണ്. തീരത്തെ കുറ്റിക്കാടുകളിലോ, മരത്തിലോ ആകാം ജീവിയുടെ വാസമെന്നു സംശയമുണ്ട്. റാന്നി റേഞ്ച് ഓഫിസർ ആർ. അദീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതെ തുടർന്ന് ജീവികളെ കണ്ടെന്നു പറയുന്ന പൂവത്തുംകുന്നിൽ കൂട് സ്ഥാപിച്ചിരുന്നു.

അതിൽ ജീവി അകപ്പെട്ടില്ല. വനംവകുപ്പ് ദ്രുതകർമസേന ഡപ്യൂട്ടി റേഞ്ച് ഓഫിസർ തോമസ് ജോണിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഷാജിയുടെ പട്ടിക്കൂടിനു സമീപവും കൂട് സ്ഥാപിച്ചു. പൂച്ച വർഗത്തിൽപെട്ട ജീവിയാണെന്നു വനപാലകർ പറയുന്നുണ്ടെങ്കിലും പട്ടിക്കൂടിനു സമീപം ഇതു കറങ്ങുന്നതാണ് സമീപവാസികളിൽ സംശയം ജനിപ്പിക്കാൻ കാരണം. 

ജീവിയെ കാണുമ്പോൾ പട്ടി തേങ്ങിക്കരഞ്ഞു തുടങ്ങും. പട്ടിയും ഭയന്നാണ് കൂട്ടിൽ കഴിയുന്നത്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ ഏതോ ജീവിയാകാമിത്.