Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മൈൽ പ്ലീസ്;ചിരിക്കുന്ന സീബ്രയുടെ ചിത്രങ്ങൾ കൗതുകമാകുന്നു!

Zebra Image Credit: Ryan Connell

ആരായാലും മനസ്സു തുറന്നു ചിരിക്കുന്നതു കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്. അതിനി സീബ്രയായാലും. മൃഗങ്ങള്‍ക്ക് അതിന് ചിരിക്കാനറിയുമോ എന്നു ചോദിക്കരുത്. പല്ല് മുഴുവന്‍ വെളിയില്‍ കാണിച്ചുള്ള ഒരു സീബ്രയുടെ നിറഞ്ഞ ചിരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കണ്ണടച്ച് വാതുറന്ന് ശരിക്കും മനുഷ്യര്‍ ചിരിക്കുന്നതു പോലെ തന്നെയാണ് ചിത്രത്തില്‍ സീബ്രയുടെ നില്‍പ്പ്. റിയാന്‍ കോണല്‍ എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് സീബ്രയുടെ ഈ ചിരി ക്യമറയില്‍ പകര്‍ത്തിയത്.

ഡര്‍ബനിലുള്ള കെന്നത്ത് സ്റ്റെയ്ന്‍ബാങ്ക് സന്ദര്‍ശനത്തിനിടെയാണ് സീബ്രയുടെ ചിരിക്കുന്ന മുഖം റിയാന്‍ കോണല്‍ ക്യാമറയില്‍ പകര്‍ത്തിയത്. പുല്‍മേട്ടില്‍ മേയുകയായിരുന്ന സീബ്രക്കൂട്ടത്തില്‍ ഒന്ന് തന്‍റെ നേരെ വരുന്നതു കണ്ടാണ് റിയാന്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയത്. പുല്ലു തിന്ന് റിയാന്‍റെ അടുത്തുവരെയെത്തിയ സീബ്ര അല്‍പ്പനേരം നോക്കി നിന്നു. ഇതിനിടെയാണ് റിയാനെ കളിയാക്കുന്ന പോലുള്ള ഒരു ഭാവം സീബ്രയുടെ മുഖത്തു വിടർന്നത്. കൃത്യസമയത്ത് റിയാന്‍ ക്യാമറ ക്ലിക്ക് ചെയ്തതോടെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ കീഴടക്കിയ ചിത്രം പിറന്നു.

2013 ല്‍ തന്‍റെ ക്യാമറ സ്വന്തമാക്കിയപ്പോള്‍ മുതല്‍ വനമേഖലകളില്‍ ചിത്രങ്ങളെടുക്കാന്‍ റിയാന്‍ എത്താറുണ്ട്. മുന്‍പും സീബ്രയുടെ ചിത്രങ്ങള്‍ എടുത്തിട്ടുമുണ്ട്. പക്ഷേ ഫൊട്ടോയുടെ പ്രത്യേകത കൊണ്ടു തന്നെ തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായി ചിരിക്കുന്ന സീബ്ര മാറിയെന്നും റിയാൻ വ്യക്തമാക്കി. ഇത്തരം മനോഹര നിമിഷങ്ങളാണ് പ്രകൃതിയെ മനുഷ്യരുമായി കൂടുതലടുപ്പിക്കുന്നതെന്നും റിയന്‍ കരുതുന്നു.

ചിരിക്കുന്ന സീബ്രയുടെ രഹസ്യം

ഇതാദ്യമായല്ല സമാനമായ മുഖഭാവവുമായി ഒരു സീബ്ര പ്രത്യക്ഷപ്പെടുന്നത്. അപൂര്‍വ്വമായിട്ടാണെങ്കിലും മുന്‍പും ഇത്തരം ചിത്രങ്ങള്‍ പല ഫൊട്ടോഗ്രാഫര്‍മാര്‍ക്കും ലഭിച്ചിട്ടുണ്ട്. കുതിരകളാണ് സീബ്രകളെ കൂടാതെ സമാനമായി രീതിയില്‍ ചിരിക്കുന്ന മറ്റൊരു മൃഗം. ഈ ജീവികളുടെ ചിരിക്കുന്ന മുഖത്തിനു പിന്നിലെ കാരണം ഇതേക്കുറിച്ചു നിരീക്ഷണം നടത്തിയവര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. പുല്‍മേടുകളിലും മറ്റും മേഞ്ഞ ശേഷവും, ഭക്ഷണം തുടര്‍ച്ചയായി ചവച്ച ശേഷവും വായ്ക്കും താടിയ്ക്കുമുണ്ടാകുന്ന ആയാസം നീക്കാനാണ് ഈ ജീവികള്‍ ഇങ്ങനെ പെരുമാറുന്നത്. മനുഷ്യര്‍ക്ക് ചിരിക്കുന്നതായി തോന്നുന്ന ഈ പ്രകടനം അവ മുഖത്തിന് നല്‍കുന്ന വ്യായാമമാണ്. സസ്യഭുക്കുകളും പുല്ലുതിന്നുന്നതുമായ പല ജീവികളിലും ഈ ശീലം കാണാമെന്നും ഗവേഷകര്‍ വ്യക്തമാക്കി.