Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരെയും അമ്പരപ്പിക്കും ചൈനയിലെ ഈ തടാക നഗരം

Zhouzhuang Water Town

ഷോഷുവാങ് എന്ന തടാകനഗരം ചൈനയിലെ ഏറ്റവും പൗരാണികമായ പ്രദേശങ്ങളില്‍ ഒന്നാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട നഗരം. തിങ്ങി നില്‍ക്കുന്ന കെട്ടിട നിരകളെയെല്ലാം വേര്‍പെടുത്തി ഇവടെ കനാലുകള്‍ ഒഴുകുന്നു. ആളുകളുടെ ജീവിതവും യാത്രയുമെല്ലാം ഇവിടെ വെള്ളത്തിലൂടെയാണ്. കെട്ടിട നിരകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 1200 മുതല്‍ 1600 വരെയുള്ള കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട പാലങ്ങള്‍ മാത്രമാണ് ഇതിന് അപവാദം. ഈ പുരാതന നഗരത്തെ കാല്‍ നടയായി ചുറ്റിക്കാണാന്‍ സഹായിക്കുന്നത് ഈ പാലങ്ങളാണ്.

ബിയാസിന്‍ തടാകത്തിന്‍റെ തെക്കായി തീരത്തോടു ചേര്‍ന്നാണ് ഷോഷുവാങ് സ്ഥിതി ചെയ്യുന്നത്. ബിയാസിയന്‍ നദി കടന്നു പോകുന്നതും ഈ പുരാതന നഗരത്തോടു ചേര്‍‍ന്നാണ്. നദിയേയും തടാകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് കെട്ടി സമുച്ചയങ്ങള്‍ക്കിടയിലൂടെ നീണ്ടു കിടക്കുന്ന കനാലുകളാണ്. രണ്ട് നിലയായാണ് എല്ലാ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ കറുത്ത ഓട് പാകിയിയിരിക്കുന്നു. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഇതിനകം അറിയപ്പെടുന്നതിനാല്‍ , നഗരത്തിന്‍റെ പൗരാണികതയ്ക്ക് വലിയ കോട്ടം തട്ടാതെയാണ് ഇപ്പോഴും സംരക്ഷിച്ചു പോരുന്നത്.

Zhouzhuang Water Town

കനാലുകളുടെ തീരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആദ്യം നിര്‍മ്മിക്കപ്പെട്ട 14 പാലങ്ങള്‍ തന്നെയാണ് നഗരത്തിന്‍റെ മുഖ്യ ആകര്‍ഷണം. യുവാന്‍. ക്വിങ്, മിങ് എന്നീ രാജവംശങ്ങളാണ് പല കാലഘട്ടങ്ങളിലായി ഈ പാലങ്ങള്‍ നിര്‍മ്മിച്ചത്. യുവാന്‍ രാജവംശത്തിന്‍റെ സമയത്തു നിര്‍മ്മിച്ച ഫുവാന്‍ പാലം, മിങ് രാജവംശത്തിന്‍റെ സമയത്തു നിര്‍മ്മിക്കപ്പെട്ട ഇരട്ടപ്പാലങ്ങള്‍ എന്നിവയാണ് പാലങ്ങളില്‍ ഏറ്റവും പ്രശസ്തം. 

ആയിരത്തോളം കുടുംബങ്ങളാണ്  ഇന്ന് ഈ നഗരത്തില്‍ താമസിക്കുന്നത്. ഈ വീടുകളെല്ലാം തന്നെ രാജവംശത്തിന്‍റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്. പ്രധാനമായും മിങ്, ക്വിങ് രാജവംശങ്ങളുടെ കാലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.  ഇവയില്‍ ഷെന്‍ തിങ് എന്ന കെട്ടിടമാണ് ഏറ്റവും ഒടുവില്‍ നിര്‍മ്മിക്കപ്പെട്ടത്. 1700 കളില്‍ ക്വിങ് രാജവംശം നിര്‍മ്മിച്ച ഈ കെട്ടിടത്തിന് രണ്ട് നിലകളിലായി 200 മുറികളുണ്ട്. അര ഏക്കര്‍ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1800 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന ഷാന്‍ തെങ് ആണ് മറ്റൊരു കൂറ്റന്‍ കെട്ടിടം. 70 മുറികളാണ് ഈ കെട്ടിടത്തിനുള്ളത്. മങ് രാജവംശത്തിന്‍റെ കാലത്താണ് ഈ കെട്ടിടം നിര്‍മ്മിക്കപ്പെട്ടത്.

Zhouzhuang Water Town

സൈക്കിള്‍ റിക്ഷകളും വള്ളങ്ങളുമാണ് നഗരത്തില്‍ ലഭിക്കുന്ന സഞ്ചാര സൗകര്യങ്ങള്‍. അതുകൊണ്ട് നഗരം മുഴുവന്‍ വെറുതെ കണ്ടു തീര്‍ക്കണമെങ്കില്‍ തന്നെ ഒരു ദിവസം വേണം. മോട്ടോര്‍ വാഹനങ്ങളെ ഈ തടാക നഗരിയിലേക്ക് പ്രവേശിപ്പിക്കാറില്ല. ഇതിനു നഗരവാസികളും അധികൃതര്‍ക്ക് ഉറച്ച പിന്തുണയാണു നല്‍കുന്നത്.