മുട്ടക്കള്ളൻമാരെ പിടിക്കാന്‍ മുട്ടക്കുള്ളില്‍ ജി.പി.എസ്

വന്യജീവി കള്ളക്കടത്തുകാരെന്നു പറഞ്ഞാൽ ആനയെയും കടുവയെയും സിംഹത്തെയും വേട്ടയാടുന്നവർ മാത്രമല്ല. ചെറുകിട മുട്ടമോഷണം നടത്തുവരും പരിസ്ഥിതിയിലെ ജൈവസമ്പത്തിനു വലിയ ആഘാതമാണു സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും അപൂര്‍വ്വ ഇനത്തില്‍ പെട്ട ആമകളുടെയും പാമ്പുകളുടെയും പക്ഷികളുടെയും മുട്ട മോഷ്ടിക്കുന്നവര്‍. ഏതായാലും ഇവരെ കണ്ടെത്താന്‍ പുതിയ വിദ്യ കണ്ടു പിടിച്ചിരിക്കുകയാണു പാസോ പസഫിക്കോ എന്ന അമേരിക്കന്‍ സ്വദേശി.

യഥാര്‍ഥ മുട്ടയെന്നപോലെ തോന്നിക്കുന്ന പ്ലാസ്റ്റിക് മുട്ട ഉണ്ടാക്കിയാണ് കള്ളക്കടത്തുകാരെ കുടുക്കുന്നത്. തൂക്കത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം യഥാര്‍ഥ മുട്ടപോലെ തന്നെ വ്യാജമുട്ടയും കാണപ്പെടും. ഇതിനുള്ളല്‍ ജിപിഎസ് ഘടിപ്പിക്കും. യഥാര്‍ഥ മുട്ടയ്ക്കൊപ്പം കള്ളന്‍മാര്‍ ഈ മുട്ടയും മോഷ്ടിക്കും. മുട്ടയുടെ സ്ഥാനം മാറുന്നതോടെ അതു മോഷ്ടിക്കപ്പെട്ടുവെന്ന് ഉറപ്പിക്കാം. ഈ സ്ഥാനം നോക്കി കള്ളനെ പിടിക്കുകയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

അമേരിക്കന്‍ വന്യജീവി വകുപ്പു പാസോയുടെ ഈ കണ്ടെത്തലിനു സമ്മാനമായി നല്‍കിയത് പതിനായിരം ഡോളറാണ്. കടല്‍ തീരത്തെ ആമകളുടെ മുട്ടകള്‍ സംരക്ഷിക്കാനാണ് ആദ്യം ഈ വിദ്യ ഉപയോഗിക്കുക. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നു മാത്രമായി പ്രതിവർഷം ദശലക്ഷക്കണക്കിനു മുട്ടകള്‍ കള്ളക്കടത്തുകാര്‍ വില്‍പ്പന നടത്തുന്നുണ്ടെന്നാണു കരുതുന്നത്.

നിക്കരഗ്വെയിലാണ് ഇനി ഈ സീസണില്‍ ആമകള്‍ കൂട്ടത്തോടെ മുട്ടയിടാനെത്തുക. ജിപിഎസ് മുട്ടയുടെ ആദ്യ പരീക്ഷണം ഈ ബീച്ചിൽ നടത്താമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകരുടെ തീരുമാനം. കനത്ത സുരക്ഷയുള്ള ബീച്ചില്‍ പോലും മോഷണം നടത്തുന്ന കള്ളന്‍മാരെ സാങ്കേതിക വിദ്യ കൊണ്ട് കുടുക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ അധികൃതര്‍.