Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ്കോടി തീരത്ത് ലെതർബാക്ക് ആമയുടെ മുട്ടകൾ

Leatherback Turtle

അപൂർവ ഇനമായ ലെതർബാക്ക് ആമയുടെ മുട്ടകൾ ധനുഷ്കോടി തീരത്തു കണ്ടെത്തി. നൂറിലധികം മുട്ടകളാണ് അരിച്ചാൽമുന പ്രദേശത്തു വനപാലകരുടെ സംഘം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലിയ കടലാമയിനങ്ങളിൽ ഒന്നാണു ലെതർബാക്ക് എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

തമിഴ്നാട്ടിൽ രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി തീരങ്ങളിൽ വർഷം തോറും കടലാമകൾ പ്രജനനത്തിന് എത്താറുണ്ട്. എന്നാൽ മീൻപിടിത്തക്കാരും, തെരുവുനായ്ക്കളും മുട്ടകൾ വലിയതോതിൽ ഭക്ഷണമാക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കടലാമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 

Leatherback Turtles

വനം വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന് ആമ മുട്ടകൾ ശേഖരിച്ചു വിരിയിച്ചു കടലിലേക്കു തിരികെ വിടാൻ തുടങ്ങിയതോടെയാണ് ഇവയുടെ എണ്ണത്തിൽ വർധനയുണ്ടായത്. ഹൗക്സ്ബിൽ, ഗ്രീൻടർട്ടിൽ, ഒലിവ് റിഡ്‌ലി, ലോഗർഹെഡ്, ലെതർബാക്ക് എന്നീ ഇനങ്ങൾ തീരത്തു വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. 

ആമ മുട്ടകൾ ശേഖരിക്കാനുള്ള പ്രത്യേക സംഘം വർഷാവർഷം പതിനയ്യായിരം മുട്ടകളോളം ശേഖരിച്ചു ഹാച്ചറികളിൽ സൂക്ഷിക്കാറുണ്ടെന്നും ഇവയെ പ്രത്യേക താപനിലയിൽ സൂക്ഷിച്ചു വിരിയിച്ച ശേഷം കടലിലേക്കു വിടാറാണു പതിവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.