Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാമകളുടെ ശവപ്പറമ്പായി എല്‍ സാല്‍വദോര്‍

Sea Turtle

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്‍സാല്‍വദോറിലെ സമുദ്രഗവേഷകര്‍ ആശങ്കയിലാണ്. കൂട്ടത്തോടെ കടലാമകള്‍ ചത്തു പൊങ്ങുന്നതു തുടര്‍ക്കഥയായതാണ് ഇവരുടെ ആശങ്കയ്ക്കു പിന്നിൽ. ഇതുവരെ നാനൂറിലേറെ കടലാമകളാണ് കടലില്‍ ചത്തു പൊങ്ങിയത്. ഇതിനുള്ള കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ അന്താരാഷ്ട്ര വന്യജീവി ഏജന്‍സികളുടെ സഹായം കൂടി തേടാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

ജിക്വിലിസ്കോ ബേ എന്ന പ്രദേശത്തിനു 13 കിലോമീറ്റര്‍ ചുറ്റളവിലാണ് ആമകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ജൈവ ആവാസ വ്യവസ്ഥ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഒപ്പം ഔദ്യോഗിക ജൈവ സംരക്ഷണ മേഖലയുടെ ഭാഗവും.മധ്യ അമേരിക്കയില്‍ പസഫിക്കിനോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് എല്‍ സാല്‍വദോര്‍. ഈ മേഖലയില്‍ മാത്രമാണ് ആമകള്‍ ചത്തു പൊങ്ങുന്നതെന്നതിനാല്‍ വൈറസ് ബാധയോ, മലിനീകരണമോ ആകാം ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ യഥാർഥ കാരണം എന്താണെന്നുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

Sea Turtle

ജീവനറ്റ ആമകളുടെ സാമ്പിളുകള്‍ ഇപ്പോഴും ലാബോറട്ടറികളില്‍ പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളിലും കൂടുതല്‍ ആമകള്‍ ചത്തു പൊങ്ങിയേക്കമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 2013ലും സമാനമായ സംഭവം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഈ  മേഖലയില്‍ ഉണ്ടായിട്ടുണ്ട്. അന്ന് വിഷാംശമുള്ള ആല്‍ഗകള്‍ തിന്നതായിരുന്നു ആമകളുടെ കൂട്ടമരണണത്തിനിടയാക്കിയത്. എന്നാല്‍ ഇക്കുറി ഇത്തരം ആല്‍ഗകളേയും ഈ പ്രദേശത്ത് കണ്ടെത്താനായിട്ടില്ല.