നീലഗിരി മലനിരകളിൽ അപൂർവയിനം വെള്ളക്കടുവ

A rare tiger discovered in the wilds of Tamil Nadu state in India. Image Credit : Nilanjan Ray

നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ അപൂർവയിനം വെള്ളക്കടുവയെ കണ്ടെത്തി. ബെംഗളൂരു സ്വദേശിയും വന്യജീവി ഫൊട്ടോഗ്രാഫറുമാ  നിലഞ്ജന്‍ റേയാണ് വെള്ളക്കടുവയുടെ ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ ആഴ്ചയാണ് സഫാരിക്കിടയിൽ ഈ കടുവ കണ്ണിൽ പെട്ടത്. സാധാരണ വെള്ളക്കടുവകളിൽ നിന്നും വ്യത്യസ്മായി ഇളം മഞ്ഞ നിറത്തിലായിരുന്നു ഈ കടുവ. ജനിതകപരമായ വ്യത്യാസമാകാം കടുവയുടെ നിറം മാറ്റത്തിനു കാരണമെന്ന് ജന്തുശാസ്ത്രജ്ഞർ വ്യക്തമാക്കി.

ഗൈഡിനൊപ്പമുള്ള ജീപ്പ് സഫാരിക്കിടയിലാണ് വെള്ളക്കടുവ ശ്രദ്ധയില്‍പ്പെട്ടത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ 200 അടി അകലെയായി ഇവരുടെ മുന്നിൽ ആദ്യം വന്നു പെട്ടത് ഒരു സാധാരണ കടുവയായിരുന്നു. അത് പെട്ടെന്നു തന്നെ കാടിനുള്ളിലേക്ക് ഓടി മറഞ്ഞു. അവിടെ നിന്നും കുറച്ചു മുന്നോട്ടു പോയപ്പോഴാണ് കുന്നിൻ ചെരുവിൽ യാത്രക്കാരെ നോക്കിയിരിക്കുന്ന വെള്ളക്കടുവ ശ്രദ്ധയിൽപ്പെട്ടത്. പേടിയേക്കാൾ അധികം ഈ കടുവയുടെ കണ്ണുകളിൽ നിറഞ്ഞത് ആകാംക്ഷയായിരുന്നെന്നും നിലഞ്ജൻ റേ വ്യക്തമാക്കി.തൊട്ടു പിന്നാലെ മറ്റൊരു കടുവയുമുണ്ടായിരുന്നു. ഇവ ഒരുപക്ഷേ ഈ കടുവയുടെ സഹോദരങ്ങളാകാമെന്നും അവ ചെടികൾക്കിടയിൽ ഒളിച്ചു കളിക്കുകയായിരുന്നെന്നും നിലഞ്ജൻ വ്യക്തമാക്കി.കുറച്ചുനേരത്തെ ഒളിച്ചു കളികൾക്കു ശേഷം നിരഞ്ജനു നല്ല ചിത്രങ്ങൾ സമ്മാനിച്ച് അവ കാട്ടിലേക്കു മറഞ്ഞു. ഏതായാലും അപൂർവ നിറത്തിലുള്ള കടുവയുടെ ചിത്രങ്ങൾ പകർത്താനും അതിനെ നേരിൽ കാണാൻ സാധിച്ചതിന്റെയും സന്തോഷത്തിലാണ് ഈ വന്യജീവി ഫൊട്ടോഗ്രഫർ.

A rare tiger discovered in the wilds of Tamil Nadu state in India. Image Credit : Nilanjan Ray

കടുവയുടെ അപൂർവ ചിത്രങ്ങൾ വനംവകുപ്പ് അധികൃതര്‍ക്കും കടുവാഗവേഷകര്‍ക്കും കൈമാറിയിരിക്കുകയാണ് നിലഞ്ജൻ. വേട്ടക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി മുന്നില്‍ക്കണ്ട് കടുവയെ കണ്ട പ്രദേശത്തിന്റെ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. തിളങ്ങുന്ന ബ്രൗൺ വരകളും നേരിയ മഞ്ഞ നിറവുമുള്ളതായിരുന്നു കടുവ. അതുകൊണ്ടു തന്നെ അതൊരു ആല്‍ബിനോ ആണെന്ന് കരുതുന്നില്ലെന്നും റേ പറഞ്ഞു. ഈ കടുവ മൃഗശാലകളില്‍ കാണുന്ന പോലത്തെ വെളുത്ത അള്‍ബിനോ കടുവയല്ല. 50 വര്‍ഷങ്ങൾക്കു മുൻപ് കാടുകളില്‍ നിന്നും മണ്‍മറഞ്ഞുപോയതാണിവ. ബംഗാള്‍ കടുവകളുടെ വകഭേദമാണ് വെള്ളക്കടുവകൾ. അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലാണ് ഇവയെ മുൻപ് കണ്ടിട്ടുള്ളത്.1980 ല്‍ രാജസ്ഥാനിലെ രണ്‍ധംബോര്‍ വനത്തിലാണ് അവസാനമായി വെള്ളക്കടുവയെ കണ്ടെത്തിയ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. കടുവയെ കണ്ട പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ് അധികൃതർ.