Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെട്ടാൻ അനുവദിക്കില്ല, ഞങ്ങൾ കെട്ടിപ്പിടിച്ചു സംരക്ഷിക്കും ഈ മരങ്ങളെ

Trees

വെട്ടിമുറിക്കപ്പെടുന്ന മരങ്ങളെ കെട്ടിപ്പിടിച്ച് രക്ഷിക്കാന്‍ വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ രൂപം കൊണ്ട് ചിപ്കോ പ്രസ്ഥാനത്തിന് പുനർജനനം. മുംബൈയിലെ ആരി കോളനിയിലാണ് ആയിരക്കണക്കിനു മരങ്ങളെ സംരക്ഷിക്കാനായി ജനങ്ങൾ അവയെ കെട്ടിപ്പിടിച്ചത്. 1973ൽ സുന്ദർലാൽ ബഹുഗുണയെന്ന പരിസ്ഥിതി പ്രവർത്തകൻ മരങ്ങളെ സംരക്ഷിക്കാനായി രൂപം കൊടുത്ത ഈ സംരക്ഷണരീതിക്ക് ആരിയിൽ ഒട്ടേറെ പേരാണ് പിന്തുണയുമായെത്തിയത്. 

കോളനിയുടെ ഭാഗമായുള്ള മൂവായിരത്തോളം മരങ്ങൾ മുറിച്ചുമാറ്റാൻ മുംബൈ മെട്രോ റെയിൽ കോർപറേഷൻ(എംഎംആർസി) തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കാർഷെഡ് നിർമിക്കാൻ വേണ്ടിയായിരുന്നു ഇത്. മരംമുറി നീക്കവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതോടെ സ്ത്രീകളും കുട്ടികളും പരിസ്ഥിതി സംഘടനാപ്രവർത്തകരും ഉൾപ്പെടെ മരങ്ങളെ ‘കെട്ടിപ്പിടിക്കാൻ’ എത്തുകയായിരുന്നു. നഗരത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെത്തന്നെ തകർക്കുന്ന നടപടിയെന്നാണ് ഇതിനെപ്പറ്റി ജനങ്ങൾ പറയുന്നത്. നഗരത്തിന്റെ ശ്വാസകോശമായ 3500 മരങ്ങളെ വെട്ടാനുള്ള കണക്കെടുപ്പും തുടങ്ങിയിരിക്കുകയാണ്. അവയിൽ ഭൂരിപക്ഷവും നൂറിലേറെ വർഷം പഴക്കമുള്ളവയുമാണ്. 

പരിസ്ഥിതി സംരക്ഷണ നിയമത്തെ മറികടന്നായിരിക്കരുത് മെട്രോ ആക്ട് പ്രകാരമുള്ള നിർമാണ പ്രവൃത്തികളെന്ന് നേരത്തെ ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ബന്ധപ്പെട്ട ഏജൻസികളെ വ്യാജ സത്യവാങ്മൂലങ്ങൾ നൽകി എംഎംആർസി കബളിപ്പിക്കുകയാണെന്നാണ് ആരി നിവാസികളുടെ പരാതി. 250 മരങ്ങൾ മാത്രമേ മുറിക്കുകയുള്ളൂവെന്നാണ് ഹൈക്കോടതിയിൽ പറഞ്ഞത്, എന്നാൽ ഹരിത ട്രിബ്യൂണലിനോടാകട്ടെ 500 എന്നും. നിലവിൽ 3500 മരങ്ങൾ മുറിക്കാനാണ് കരാർ കൊടുത്തിരിക്കുന്നതും. 

x-default

ഗാനരചയിതാവ് പിയുഷ് മിശ്ര കഴിഞ്ഞ ദിവസം ഈ പ്രശ്നം ശ്രദ്ധയിൽപ്പടുത്താനായി ഒരു ഗാനവും ഒരുക്കിയിരുന്നു. മരങ്ങളെ രക്ഷിക്കുന്നത് ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്നാണ് പിയുഷ് മിശ്രയുടെയും പക്ഷം. മുംബൈയിൽ അല്‍പമെങ്കിലും ശുദ്ധവായു ശ്വസിക്കാനാകുന്നത് ഈ മരങ്ങളുള്ളതു കൊണ്ടാണ്. അതിനാൽത്തന്നെ വികസനത്തിന്റെ പേരിലുള്ള നശീകരണത്തിൽ നിന്ന് അവയെ രക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മരങ്ങളെ ദൈവത്തെപ്പോലെയോ രക്ഷകനെപ്പോലെയോ ഒക്കെയാണു കാണുന്നത്. പക്ഷേ ഇവിടെയോ? എന്തുകൊണ്ട് അവർക്ക് കാർ ഷെഡ് മറ്റൊരിടത്തേക്കു മാറ്റാനാകില്ല? പിയുഷ് ചോദിക്കുന്നു. 

മെട്രോ 3 കോറിഡോറിന്റെ ഭാഗമായുള്ള കാർ ഷെഡിനു വേണ്ടി ആരിയിൽ എംഎംആർസി അതിർത്തി വരെ തിരിച്ചു കഴിഞ്ഞിരുന്നു. മെട്രോ 3 കോറിഡോറിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് നൂറോളം മരങ്ങൾ മുറിക്കാനൊരുങ്ങിയപ്പോഴുംപരിസ്ഥിതി സംഘടനകളും പ്രദേശവാസികളും രംഗത്തിറങ്ങിയിരുന്നു. അതേസമയം ദേശീയ ഗ്രീൻ ട്രിബ്യൂണലിന്റെ ഭാഗത്തു നിന്ന് യാതൊരു നിയന്ത്രണവും നിർമാണം സംബന്ധിച്ച് വന്നിട്ടില്ലെന്നാണ് എംഎംആർസി വ്യക്തമാക്കുന്നത്. ആരിയിൽ ഒരു മരം പോലും വെട്ടിയിട്ടില്ലെന്നും അധികൃതർ പറയുന്നു. 

മെട്രോയ്ക്ക് കാർഷെഡ് നിർമിക്കാൻ ആറോ ഏഴോ അനുയോജ്യ ഇടങ്ങൾ ഉണ്ടായിരിക്കെ ആരിയെത്തന്നെ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ലെന്നാണ് ഇതിനുള്ള പ്രദേശവാസികളുടെ മറുപടി. മുംബൈ കോർപറേഷന്റെ ട്രീ അതോറിറ്റിയുടെ അന്തിമാനുമതി ലഭിക്കും വരെ നടപടികളെല്ലാം നിർത്തിവയ്ക്കാനാണ് നിലവിൽ എംഎംആർസിയുടെ തീരുമാനം. ആരി നിവാസികളാകട്ടെ ഒരു കാരണവശാലും മരങ്ങളെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലും.