Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ ഇലകൾ പൊഴിക്കുന്ന മരമുത്തശ്ശി; ദൃശ്യങ്ങൾ കൗതുകമാകുന്നു!

 Ancient Gingko Tree

ചൈനയിലെ ബെയ്ജിങിൽ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സ്വർണ ഇലകൾ പൊഴിക്കുന്ന മരമുത്തശ്ശിയുള്ളത്. ഈ മരം മഞ്ഞനിറമുള്ള ഇലകൾ പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഗിങ്കോ വൃക്ഷത്തിന്. ശിഖരം മുഴുവൻ മഞ്ഞപുതച്ച് നിലത്താകെ സ്വർണ ഇലകൾ പൊഴിച്ച് സുന്ദരിയായി നില്‍ക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016ൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ തിരക്കു കൂടിയത്. ഈ സ്വർണ മരത്തെ കാണാൻ ഒരു ദിവസം എഴുപതിനായിരത്തിലധികം സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രവുമുണ്ട്.

വിനോദ സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് ഗിങ്കോ വൃക്ഷത്തെ കാണാൻ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് സ്വർണ ഇലകൾ പൊഴിക്കുന്ന ഗിങ്കോ വൃക്ഷം കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് സന്ദർശന സമയം. തിരക്കൊഴിവാക്കാൻ ഒരു ദിവസം 7200 സന്ദര്‍ശകര്‍ എന്ന കണക്കിലാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.

 Ancient Gingko Tree

സിയാൻ ഷാങ്സി പ്രവിശ്യയിലുള്ള ഷോങ്ഗ്നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യിന്‍ സെൻ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം നിൽക്കുന്നത്. 628ാം നൂറ്റാണ്ടില്‍ താങ് രാജവംശകാലത്തുണ്ടായ വൃക്ഷമാണിതെന്നാണ് നിഗമനം. മധ്യ ചൈനയിലെ സിയാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. മറ്റു ചരിത്രപരമായ സവിശേഷതകളും ഈ ബുദ്ധ ക്ഷേത്രത്തിനുണ്ട്. ശരത്കാലത്താണ് ഗിങ്കോ വൃക്ഷങ്ങൾ പതിവായി ഇലപൊഴിക്കുന്നത്. ക്ഷേത്രമുറ്റത്താകെ മഞ്ഞപ്പരവതാനി വിരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഇപ്പോൾ ഈ മരമുത്തശ്ശി.