Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ നനഞ്ഞ് മഴയിലലിഞ്ഞ്

lonavala ലോണാവാല

യാത്ര പോകാൻ മഴയെ കാത്തുനിൽക്കുന്ന

ചെറുപ്പക്കാരുടെ കൂട്ടങ്ങളുണ്ട് നഗരത്തിൽ.

കൊങ്കൺ, മാൽഷേജ്ഘട്ട്, ലോണാവാല...

അങ്ങനെ നീളുകയാണ് മഴയാത്രാവഴികൾ

വേനലിൽ വെന്തുരുകിയിരിക്കുമ്പോൾ പെയ്തുവീഴുന്നൊരു മഴത്തുള്ളി! അതൊഴുക്കുന്ന ആഹ്ലാദം ചെറുതല്ല. പുതുമഴയിൽ മുംബൈ മഴയിലേക്ക് ഇറങ്ങിയോടും. കുട കരുതിയവർപോലും അതു നിവർത്താതെ മനസ്സു നിറയുവോളം മഴ നനയും.

മഴക്കാലമായെന്ന ബോധ്യമുളളപ്പോൾപോലും കുടയെടുക്കാതെ പുറത്തിറങ്ങുന്നവർ ഇത്രയേറെ മറ്റൊരു നഗരത്തിലുണ്ടാവില്ല. മഴ നനഞ്ഞ്, അതിലലിഞ്ഞുള്ള നടത്തം. മഴയെ നെഞ്ചോടു ചേർക്കുന്നവരാണു മുംബൈക്കാർ.

നിലയ്ക്കാതെ പെയ്യുന്ന മഴയും ഒഴുകാതെ പൊങ്ങുന്ന വെള്ളവും നഗരവാസികൾ ഭയപ്പെടുന്നുണ്ടെങ്കിലും വർഷത്തിൽ ഒന്നോ, രണ്ടോ ദിവസത്തെ വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴക്കെടുതികളോ ഒഴിച്ചാൽ മഴയെ മുംബൈയ്ക്ക് ഏറെ ഇഷ്ടമാണ്.

മഴയിൽ വഴിയോരത്തെ ചെറുകടകളിൽ കറുമുറാ കടിക്കാവുന്ന പലഹാരങ്ങൾ അതിഥികളെ കാത്തിരിക്കുന്നതു കാണാം. അതിൽ നമ്മുടെ പരിപ്പുവടയ്ക്കുമുണ്ട് ഒരിടം. ആവി പറക്കുന്ന കട്ടിങ് മസാല ചായക്കടകൾക്കു ചുറ്റും കാണാം ആൾക്കൂട്ടം. യാത്ര പോകാൻ മഴയെ കാത്തുനിൽക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങളുണ്ട് നഗരത്തിൽ. കൊങ്കൺ, മാൽഷേജ്ഘട്ട്, ലോണാവാല...നീളുകയാണ് മഴയാത്രാവഴികൾ.

മുംബൈയിൽ മഴക്കാല യാത്രയ്ക്കു പറ്റിയ ഇടങ്ങൾ:

കർണാല

നഗരത്തിൽ നിന്ന് അധികം അകലയെല്ല (60 കിലോമീറ്റർ). പച്ചപ്പും പക്ഷികളുമാണ് കർണാലയുടെ ആകർഷണം. പ്രാവുകളുടെ സങ്കേതമായ മുംബൈയിൽ നിന്ന് വ്യത്യസ്തമായി മറ്റനേകം പക്ഷികളുടെയും പറവകളുടെയും കാഴ്ചകളാണ് കർണാല പക്ഷിസങ്കേതം നമുക്കായി കാത്തുവച്ചിരിക്കുന്നത്. ട്രെക്കിങ് ഇഷപ്പെടുന്നവർക്കും കർണാലയിലേക്ക് പുറപ്പെടാം.

മാൽഷേജ് ഘട്ട്

മഴയിൽ മാൽഷേജിലേക്കുള്ള യാത്രയോളം രസകരമായി മറ്റൊന്നില്ല. മഴയിൽ ഇത്രയും അപകടം പിടിച്ച യാത്രയുമില്ല. മല വെട്ടിക്കീറി ഉണ്ടാക്കിയിരിക്കുന്നതാണു പാത. തൂണില്ലാതെ മുകൾഭാഗം വാർത്തിട്ടിരിക്കുന്നതുപോലെ, മലതുരന്നു പണിതിരിക്കുന്ന റോഡിനു മുകളിൽ പാറയുടെ മേൽക്കൂരയാണ്.

malshej മാൽഷേജ് ഘട്ട്

ഏതു നിമിഷവും താഴെ പതിക്കും എന്നു തോന്നിപ്പിക്കുന്ന പാറക്കൂട്ടങ്ങളും മൺചരിവുകളും മാൽഷേജിലേക്കുളള പാതയ്ക്കരുകിലുണ്ട്. അതിനാൽ, മഴ അൽപം ശമിച്ച ശേഷം, എന്നാൽ മഴക്കാലം മാറുംമുൻപുള്ള യാത്രയ്ക്ക് പറ്റിയ ഇടമാണ് മാൽഷേജ്.

ഹിന്ദിചിത്രമായ രാവൺ, മലയാള ചിത്രമായ ഉറുമി എന്നിവയെല്ലാം ചിത്രീകരിച്ചത് ഇൗ മലനിരയിലാണ്. മഞ്ഞും മഴയും മൂടലും പച്ചപ്പുമെല്ലാം ചേർത്തുവച്ചൊരു പ്രകൃതിയുടെ ക്യാൻവാസ്. മുംബൈയിൽ നിന്നു കല്യാൺ, മൂർബാദ് വഴിയുള്ള പാതയിൽ നാലു മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനും അരുവിയിൽ കളിക്കാനും ട്രക്കിങ്ങിനുമെല്ലാം ഇവിടെ പ്രകൃതിയൊരുക്കിയ രൂപകൽപനകളുണ്ട്.

മഹാബലേശ്വർ

അൽപം അകലെയാണെങ്കിലും ഒരിക്കൽ സന്ദർശിച്ചാൽ ഹൃദയത്തിൽ എന്നുമുണ്ടാകും ഇൗ ഭൂമിക. ഹൃദയം പോലിരിക്കുന്ന സ്ട്രോെബറികളുടെ നാടാണിത്. പച്ചപുതച്ച മലനിരയുടെ ഭംഗി, ചുവന്നുതുടുത്തിരിക്കുന്ന സ്ട്രോബെറി പഴങ്ങൾ, മരംകോച്ചുന്ന തണുപ്പ്...പ്രകൃതിയുടെ മനോഹരമായ ചേരുവയാണ് മഹബാലേശ്വർ.

mahabaleswar മഹാബലേശ്വർ

ഏലവും കാപ്പിയുമെല്ലാം കാണിച്ചും ആ തോട്ടങ്ങളിൽ താമസിക്കാൻ സൗകര്യമൊരുക്കിയുമുളള ഇടുക്കിയിലെ സ്പൈസ് ടൂറിസത്തിനു സമാനമായി ഇവിടെ സ്ട്രോബെറി ടൂറിസം വളർന്നുവരുന്നു.

സ്ട്രോബെറി പഴത്തോട്ടങ്ങൾ കാണാൻ എത്തുന്നവരുടെ തിരക്കും ഇവിടേയെറെയാണ്. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലാണ് സ്ട്രോബെറിക്കാലമെങ്കിലും സാഹസികർ നേരവും കാലവും നോക്കാതെ പുറപ്പെടുന്ന കേന്ദ്രങ്ങളിലൊന്നാണ് മഹാബലേശ്വർ.

rainy-mumbai മുംബെയിലെ മഴക്കാഴ്ചകൾ

ദക്ഷിണ മുംബൈയിൽ നിന്ന് ആറു മണിക്കൂറെങ്കിലും വേണം ഇവിടെയെത്താൻ. കമ്പിളിവസ്ത്രങ്ങൾ കരുതിയില്ലെങ്കിൽ തണുത്തു മരവിക്കുമെന്നതിൽ സംശയം വേണ്ട.

ഇഗത്പുരി

പാറക്കൂട്ടങ്ങളിൽ നിന്നു കുത്തിയൊലിച്ചുവന്ന് പൊട്ടിച്ചിതറുന്ന വെള്ളത്തുള്ളികൾ... മുഖത്തു പാറിത്തെറിക്കുന്ന ആ വെള്ളത്തുള്ളിയിലുണ്ട് ഇൗ നാടിന്റെ സൗന്ദര്യം. പച്ച പുതച്ചുകിടക്കുന്ന കൂറ്റൻ മലനിരകൾ, പാറക്കൂട്ടങ്ങൾ,വെള്ളച്ചാട്ടങ്ങൾ... മഴയിൽ പ്രകൃതിയുടെ മടിത്തട്ടിലൂടെ ആസ്വദിച്ച് യാത്ര ചെയ്തു മടങ്ങുന്നതുപോലും രസമുള്ള അനുഭൂതി. ദക്ഷിണ മുംബൈയിൽ നിന്ന് മൂന്നു മണിക്കൂറെങ്കിലും വരും യാത്ര.

* ഗുഹാകർ*

mubai-rain മുംബെയിലെ മഴക്കാഴ്ചകൾ

കൊങ്കൺ മേഖലയിലെ സുന്ദരവും ശുദ്ധവുമായ തീരമാണ് ഗുഹാകർ. മുംബൈ-ഗോവ പാതയിൽ ഖേഡിലെത്തി വലത്തോട്ടു തിരിയണം. ധാപ്പോളി വഴി ധാബോളിലേക്കുള്ള പാതയിലൂടെ മുന്നോട്ടു പോയാൽ ഗുഹാകറിലെത്താം. ഹോട്ടലുകളും ഹോം സ്റ്റേയുമെല്ലാമുണ്ടിവിടെ.

ലോണാവാല

വാഗമണ്ണിലേതുപോലുള്ള മൊട്ടക്കുന്നുകൾ. ചന്തം ചാർത്തി പെയ്യുന്ന നൂൽമഴയും. ഇതു രണ്ടും ചേർത്തുവച്ചാൽ ലോണാവാലയായി. കോടമഞ്ഞും കോരിത്തരിപ്പിക്കുന്ന തണുപ്പും കൂടിയായാൽ ചിത്രം പൂർണം. മുംബൈ-പുണെ എക്സ്പ്രസ് വേയിൽ യാത്ര തുടങ്ങിയാൽ ഒരുമണിക്കൂർവേണ്ട പ്രകൃതിയുടെ ഇൗ മടിത്തട്ടിലെത്താൻ.

football-play-at-mumbai മുംബെയിലെ മഴക്കാഴ്ചകൾ