Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതിയതു പോലെയല്ല, ആ സൂനാമി നേരത്തേ വരും: യുകെയ്ക്കു മുന്നറിയിപ്പ്

tsunami

നോര്‍വേ തീരത്തു നിന്നു മാറി കടലിന്നടിയിലെ ഭൂപാളികള്‍ തെന്നിമാറിയതായിരുന്നു ആ ഭീകരസൂനാമിക്കു കാരണം. ‘സ്റ്റൊറിഗ്ഗ സ്‌ലൈഡ്’ എന്നു പേരിട്ട ആ സംഭവത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടത് ഒരു തെങ്ങിനോളം ഉയരമുള്ള തിരമാലകളായിരുന്നു. അതായത് ഏകദേശം 20 മീറ്റര്‍ ഉയരമുള്ള പടുകൂറ്റന്‍ തിരമാലകള്‍. യുകെയിലെ ഷെട്ട്ലന്‍ഡ് ദ്വീപസമൂഹങ്ങളില്‍ വന്‍നാശം വിതച്ചാണ് സൂനാമിത്തിരകള്‍ പിന്‍വാങ്ങിയത്. സ്‌കോട്‌ലന്‍ഡ്, നോര്‍വേ, ഗ്രീന്‍ലന്‍ഡ് എന്നിവിടങ്ങളിലും സൂനാമിത്തിരകള്‍ ആഞ്ഞടിച്ചിരുന്നു. ഇതൊന്നും പക്ഷേ ഇന്നു ജീവിച്ചിരിക്കുന്ന ഒരാള്‍ക്കു പോലും കാണാന്‍ സാധിച്ചിരുന്നില്ല. ഏകദേശം എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഷെട്ട്ലൻഡിനെ ഞെട്ടിച്ച ഈ കൂറ്റന്‍ സൂനാമിയുടെ വരവ്. 

പതിനായിരം വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന പ്രതിഭാസം എന്നായിരുന്നു ഇതിനെ ഗവേഷകര്‍ പിന്നീടു വിശേഷിപ്പിച്ചത്. എന്നാല്‍ ആ നിഗമനം ഇപ്പോള്‍ ഗവേഷകര്‍ തന്നെ തിരുത്തി. അങ്ങനെ 10,000 വര്‍ഷത്തിനിടയില്‍ മാത്രമല്ല അതിഭീകര സൂനാമികള്‍ യുകെയില്‍ ആഞ്ഞടിച്ചിരിക്കുന്നത്. അതിനുള്ള തെളിവുകളും ഗവേഷകര്‍ കണ്ടെത്തി. സ്റ്റൊറിഗ്ഗ സ്‌ലൈഡിനു ശേഷവും രണ്ടു തവണ സൂനാമിത്തിരകള്‍ ഷെട്ട്ലന്‍ഡ് ദ്വീപുകളിലേക്കെത്തിയിട്ടുണ്ട്. അതിനെപ്പറ്റിയാകട്ടെ ഇന്നേവരെ ഒരു വിവരവും ലഭിച്ചിരുന്നുമില്ല. ദ്വീപുകളിലെ കടല്‍മണലിന്റെ സാന്നിധ്യമാണ് ഗവേഷകരെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. ഷെട്ട്ലന്‍ഡില്‍ പലയിടത്തും കണ്ടെത്തിയ മണലിന് 5000 വര്‍ഷവും 1500 വര്‍ഷവും പഴക്കമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 43 അടിയെങ്കിലും മുകളിലുള്ള മേഖലകളിലായിരുന്നു മണല്‍ കണ്ടെത്തിയത്. സ്റ്റൊറിഗ്ഗ സൂനാമിക്കു ശേഷം ദ്വീപില്‍ നിക്ഷേപിക്കപ്പെട്ട മണലിനും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മണലിനും ഒരേ സ്വഭാവമായിരുന്നെന്നു കണ്ടെത്തിയതായും ഗവേഷക സംഘത്തിലെ ഫിസിക്കല്‍ ജിയോഗ്രഫര്‍ സ്യൂ ഡോവ്‌സണ്‍ പറയുന്നു.

Tsunami

പുതിയ കണ്ടെത്തലോടെ, 10,000 വര്‍ഷത്തിനിടെ യുകെയിലുണ്ടായ സൂനാമികളുടെ എണ്ണം മൂന്നായി. ചരിത്രപരമായി പരിശോധിച്ചാല്‍ മറ്റു രാജ്യങ്ങളിലെ സൂനാമികളുടെ എണ്ണത്തെ അപേക്ഷിച്ച് ഇതു വളരെ കുറവാണ്. എന്നാല്‍ യുകെ തീരം സുരക്ഷിതമാണെന്ന കാര്യത്തില്‍ അത്രയേറെ ആത്മവിശ്വാസം വേണ്ട എന്നതു സംബന്ധിച്ച ചെറുമുന്നറിയിപ്പാണു ഗവേഷകര്‍ പുതിയ കണ്ടെത്തലിലൂടെ നല്‍കിയിരിക്കുന്നത്. ശക്തിയേറിയ സൂനാമികളാണ് 1500, 5000 വര്‍ഷം മുന്‍പു രേഖപ്പെടുത്തിയിരുന്നത്. 1500 വര്‍ഷം മുന്‍പെന്നതാകട്ടെ അത്ര വലിയ ഇടവേളയല്ലെന്നും ഗവേഷകരിലൊരാളായ ബ്രിട്ടിഷ് ജിയോളജിക്കല്‍ സര്‍വേ വിഭാഗത്തിലെ ഡേവ് ടാപ്പിന്‍ പറയുന്നു. ഇനിയൊരു സൂനാമിക്കു സാധ്യതയുണ്ടോയെന്നും ഉണ്ടെങ്കില്‍ അവ എത്രമാത്രം ശക്തമായിരിക്കും എന്നതും സംബന്ധിച്ച പഠനമാണ് ഇനി ഗവേഷകരുടെ ലക്ഷ്യം. 

tsunami

ഷെട്ട്ലന്‍ഡിൽ പലയിടത്തായി സൂനാമിയിൽ അടിഞ്ഞുകൂടിയ മണലിന്റെ സാന്നിധ്യം സിടി സ്‌കാനിങ് മെഷീന്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള കൂടുതല്‍ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ശേഖരിക്കുന്ന തെളിവുകളുടെ ത്രീ ഡി രൂപം തയാറാക്കിയാണു പരിശോധന. അതുവഴി, ഏതു ദിശയില്‍ നിന്നാണു തിരയെത്തിയത്, മണലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കിയെടുക്കാനാകും. കടലിന്നടിയിലെ ലാന്‍ഡ് സ്‌ലൈഡുകള്‍ എങ്ങനെയാണ് സൂനാമിക്കു കാരണമാകുന്നതെന്നും പരിശോധിക്കുന്നുണ്ട്. കടലിനടിയില്‍ എവിടെ വേണമെങ്കിലും ഇത്തരത്തില്‍ ‘കര’ ഇളകിമാറാൻ സാധ്യതയുണ്ടെന്നതാണു പ്രശ്‌നം രൂക്ഷമാക്കുന്നത്. പഠനത്തിന്റെ  ഭാഗമായി 5000, 1500 വര്‍ഷം മുന്‍പുണ്ടായ സൂനാമിയുടെ ഡിജിറ്റല്‍ പുനരാവിഷ്‌കരണത്തിനും ഗവേഷകര്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു.