Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അ‍ഞ്ജാതജീവിയുടെ ആക്രമണത്തെ ഭയന്ന് ഒരു ഗ്രാമം!

Mysterious animal Representative Image

ഗ്രാമവാസികളെ ആശങ്കയിലാഴ്ത്തി അജ്ഞാതജീവിയുടെ ആക്രമണം . മുംബൈയിലെ ഡാപൊഡി ഗ്രാമത്തിലാണ് അപൂർവ സംഭവം നടന്നത്. ഇതുവരെ പന്ത്രണ്ടോളം ആളുകളാണ് ഈ ജീവിയുടെ ആക്രമണത്തിനിരയായത്. ഗ്രാമവാസികളെ ആക്രമിച്ചു മറയുന്ന ഈ ജീവി പുള്ളിപ്പുലിയാണെന്നാണ് ചിലരുടെ നിഗമനം. എന്നാൽ കഴുതപ്പുലിയാണെന്നാണ് മറ്റുചിലരുടെ വിശ്വാസം.ഇതൊന്നുമല്ല മറ്റേതോ ജീവിയാണെന്നും വാദിക്കുന്നവരുണ്ട്. ഈ  ജീവിയുടെ കാൽപാടുകൾ കണ്ടെത്തിയെങ്കിലും ഏതാണെന്നു തിരിച്ചറിയാനായിട്ടില്ല

കരിമ്പുപാടങ്ങളിൽ ജോലി ചെയ്യുന്നവരാണ് അജ്ഞാതജീവിയുടെ ആക്രമണത്തിനിരയായവരിലേറെയും.  കഴിഞ്ഞ ഞായറാഴ്ച മുതലാണ് സംഭവം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ ദിവസം അജ്ഞാതജീവിയുടെ ആക്രമണത്തിൽ 35 കാരനായ കൈലാസ് പവാറിന് തലയിലാണ് ആഴത്തിലുള്ള മുറിവേറ്റത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കരിമ്പുപാടങ്ങളിൽ ജോലിക്കെത്തിയവരാണ് പരിക്കേറ്റവരിലധികവും. കരിമ്പു പാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ഷെഡുകളിൽ ഉറങ്ങിയവരാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ 5മണി വരെയുള്ള സമയത്താണ് ആക്രമണമുണ്ടായത്.

വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഏതു ജീവിയാണ് ആക്രമണം നടത്തുന്നതെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.  പുള്ളിപ്പുലിയാണ് ആക്രമണം നടത്തുന്നതെങ്കിൽ ഇരയെ വലിച്ചിഴച്ചു കൊണ്ടു പോകുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാല്‍ ഇവിടെ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴുതപ്പുലിയും ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെത്തി ആക്രമണത്തിനു മുതിരാറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. മറ്റേതോ ജീവിയാകാം ആക്രമണത്തിനു പിന്നിലെന്നാണ് വനം വകുപ്പ് അധികൃതരുടേയും നിഗനമം. അജ്ഞാത ജീവിയെ കുടുക്കാനായി പല സ്ഥലങ്ങളിലും കൂടുകളും സ്ഥാപിച്ചു കഴിഞ്ഞു.

പ്രദേശ വാസികളോട് രാത്രിയിൽ വീടിനു വെളിയിൽ കിടന്നുറങ്ങരുതെന്നും വെളിച്ചമില്ലാത്ത പ്രദേശത്തു കൂടി ഒറ്റയ്ക്കു സഞ്ചരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.