കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവിൽ റെക്കോര്‍ഡ് വർധനവ്; ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡിന്‍റെ വർധനവില്‍ അമ്പരന്നു നില്‍ക്കുകയാണ് ശാസ്ത്രലോകം. കഴിഞ്ഞ വര്‍ഷം അന്തരീക്ഷത്തിലുണ്ടായ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ വർധനവ് കഴിഞ്ഞ 30 ലക്ഷം വര്‍ഷങ്ങൾക്കി‌യിലുണ്ടായ ഏറ്റവും വലിയ വർധനവാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം സജീവമായി നിലനിര്‍ത്തേണ്ട ആവശ്യകതയാണ് ഈ വർധനവു ലോകരാജ്യങ്ങള്‍ക്കു നല്‍കുന്ന പാഠമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. 

2015ല്‍ 400 പിപിഎം ആയിരുന്നു അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ്. 2016ല്‍ ഇത് 403.3 പിപിഎം ആയാണ് വർധിച്ചത്. മനുഷ്യനിര്‍മ്മിത മലിനീകരണവും എല്‍നിനോയുമാണ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് ഒരു വര്‍ഷം കൊണ്ട് ഇത്രയധികം ഉയരാന്‍ കാരണമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ വര്‍ഷങ്ങളില്‍ 0.4 ശതമാനമാണ് കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവിൽ ഉണ്ടാകാറുള്ള ശരാശരി വർധനവ്. ഇതിന്റെ പല ഇരട്ടിയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ള വർധനവ്.

2.3 പിപിഎം ആണ് 2016നു മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന വർധനവ്. ഇത് 2014ല്‍ ആയിരുന്നു. ഇതില്‍ നിന്നു പോലും 1 പിപിഎം വർധനവാണ് 2016ല്‍ ഉണ്ടായത്. ഇതിനു സമാനമായ വർധനവു ഭൂമിയില്‍ ഉണ്ടായത് പ്ലിയോസിനി കാലഘട്ടത്തിലാണ്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം അന്നു കടല്‍നിരപ്പ് ഇന്നത്തേക്കാള്‍ 20 മീറ്റര്‍ വരെ ഉയര്‍ന്നിരുന്നു. സമുദ്രനിരപ്പുയരുന്നതുള്‍പ്പടെ തടയാന്‍ ആഗോളതാപനത്തിന്റെ അളവ് 1.5 ഡിഗ്രിയ്ക്കും  2 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും കാര്‍ബൺ ഡൈഓക്സൈഡിന്റെ അളവിലുണ്ടായ ഈ വർധനവ്.

അതേസമയം ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ് കൂടുതല്‍ ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്. 2017ലും സമാനമായ വർധനവിനുള്ള സാധ്യതകളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍നിനോയുടെ ആഘാതം ഈ വര്‍ഷം വരെ നീണ്ടു നിന്നതും അന്തരീക്ഷ മലിനീകരണത്തില്‍ കുറവില്ലാത്തതുമാണ് ഇതിനു കാരണം. ഏതായാലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവിൽ ഉണ്ടായ റെക്കോര്‍ഡ് വർധനവ് അത്ര നല്ല സൂചനയല്ലെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.