Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഭയക്കണം, ഗ്രീൻലൻഡിലെ മഞ്ഞുപാളികളെ ‘കാർന്നു തിന്നുന്ന’ ആ ഇരുണ്ട സത്യം!

the darkish zone of the Greenland ice sheet Satellite photos reveal the darkish zone of the Greenland ice sheet. Image Credit: NASA

ഗ്രീൻലൻഡ്– ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്. മൊത്തം കരയുടെ 80 ശതമാനവും മഞ്ഞു കവര്‍ന്ന പ്രദേശം. ടെക്സസ് നഗരത്തിന്റെ മൂന്നിരട്ടിയോളം വരുന്ന ഭാഗത്ത് ഗ്രീൻലൻഡിൽ മഞ്ഞുമൂടിക്കിടപ്പുണ്ടെന്നാണു കണക്ക്. അതായത് ഏകദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്. ശരാശരി കണക്കാക്കിയാൽ പോലും ഒരു മൈൽ കനത്തിലാണ് ഗ്രീൻലൻഡിൽ മഞ്ഞ് അടിഞ്ഞു കൂടിയിരിക്കുന്നത്. ലോകത്തിന്റെ മൊത്തം ശുദ്ധജലത്തിൽ എട്ടു ശതമാനവും ഈ ദ്വീപിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതാണു സത്യം. അതിനാൽത്തന്നെ ഈ മഞ്ഞെല്ലാം ഉരുകിത്തീർന്നാൽ രാജ്യാന്തര തലത്തിൽ സമുദ്ര ജലനിരപ്പ് ഉയരുക 23 അടിയോളവാണ്. അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ ലോകാവസാനത്തിലേക്കു പോലും നയിക്കുന്നത്ര നാശനഷ്ടങ്ങളായിരിക്കും ലോകത്തു സംഭവിക്കുക.

ഗ്രീൻലൻഡിലെ മഞ്ഞുരുകുന്നത് എന്നും ഗവേഷകരുടെ പേടിസ്വപ്നമാണ്. മഞ്ഞിലെ ഓരോ ഇഞ്ചിലും ഇടയ്ക്കിടെ അവർ നിരീക്ഷണവും പതിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ അളവ് കൂടിയതായാണു കണ്ടെത്തിയിരിക്കുന്നത്. അതിനിടെയാണു പുതിയ ഭീഷണി. തൂവെള്ള മഞ്ഞിനാൽ മൂടിയ ദ്വീപിൽ ഒരിടത്താണ് ആദ്യം ‘ഇരുണ്ട’ ചില കാഴ്ചകൾ പ്രത്യക്ഷപ്പെട്ടത്. നോർവെയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ 2014ൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ ഒരു തിരച്ചിലിൽ ഇത് കൂടുതൽ വ്യക്തമായി. ഈ ഇരുണ്ട പ്രദേശം പതിയെപ്പതിയെ വളർന്നു വരാനും തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഗ്രീൻലൻഡിന്റെ പടിഞ്ഞാറു ഭാഗത്ത് പേടിപ്പിക്കുന്ന ‘കറുത്ത പൊട്ടായും’ ഇതു മാറിക്കഴിഞ്ഞു. 

ഇവിടെ നിന്ന് എച്ച്ഡി തെളിമയുള്ള ചിത്രങ്ങള്‍ ഡ്രോൺ ഉപയോഗിച്ച് പകർത്തിയതിൽ നിന്ന് ഒരു കാര്യം വ്യക്തം– സംഗതി പേടിക്കേണ്ടതാണ്. കാർബൺ പൊടിയും അഴുക്കുമെല്ലാം വന്നടിഞ്ഞ മഞ്ഞിൽ ആൽഗെകൾ വളർന്നതാണ് ആ ഇരുണ്ട കാഴ്ചയായി മാറിയത്. മാത്രവുമല്ല ഇത്തരത്തിൽ ഇരുണ്ടിരിക്കുന്ന ഭാഗത്ത് ഒട്ടേറെ വിള്ളലുകളും ചെറു കുളങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയെല്ലാം കറുത്തിരുണ്ട അവസഥയിലാണ്. മാത്രവുമല്ല എല്ലായിടത്തും മഞ്ഞുരുകി വെള്ളമായിരിക്കുകയാണ്. ഇവിടെയെല്ലാം ആൽഗെകൾ തഴച്ചു വളരുന്നതായാണു റിപ്പോർട്ട്. കാർബൺ പൊടിയും അഴുക്കുകമെല്ലാം ആൽഗെകകൾക്കു തഴച്ചു വളരാനുള്ള വിളനിലമാണ് ഒരുക്കുന്നത്. ഗ്രീൻലൻഡിലെ ഈ ‘ഇരുണ്ട’ പ്രദേശത്താകട്ടെ അതിവേഗത്തിൽ മഞ്ഞുരുകലും തുടരുകയാണ്! 

സാധാരണ ഗതിയിൽ മഞ്ഞിലേക്കു പതിക്കുന്ന സൂര്യപ്രകാശത്തിലേറെയും പ്രതിഫലിച്ചു പോവുകയാണു പതിവ്. ആഗിരണം ചെയ്യുന്നതിനേക്കാളും ഏറെ സുര്യപ്രകാശം ഇത്തരം മഞ്ഞിൻപാളികൾ പ്രതിഫലിപ്പിക്കാറുമുണ്ട്. എന്നാൽ മഞ്ഞിലെ ‘ഇരുണ്ട’ ഭാഗങ്ങളും വെള്ളം കെട്ടിക്കിടക്കുന്നയിടങ്ങളും നേരെ തിരിച്ചാണ്. അവ വന്‍ തോതിൽ സൂര്യപ്രകാശം വലിച്ചെടുക്കും. അതുവഴി മഞ്ഞുരുകലിന് ആക്കം കൂട്ടുകയും ചെയ്യും. ഗ്രീൻലൻഡിന്റെ പടിഞ്ഞാറു ഭാഗത്തെ ‘കാർന്നു തിന്നുന്ന’ വിധം മഞ്ഞുരുകൽ ശക്തമായതോടെ കൂടുതൽ ഗവേഷണം നടത്തിയേ മതിയാകൂ എന്ന നിലയിലാണു ഗവേഷകരിപ്പോൾ. 

വെള്ളക്കെട്ടുള്ള മിക്കയിടത്തും വൻതോതിൽ കാർബണും പൊടിപടലങ്ങളും അടിഞ്ഞിട്ടുണ്ട്. കിലോമീറ്ററുകളോളം അകലെയുള്ള കാട്ടുതീയിൽ നിന്നും ഫാക്ടറികളിൽ നിന്നെല്ലാം ഗ്രീൻലൻഡിലേക്കെത്തിയതാണ് ഇവ. അതാകട്ടെ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് ‘വളക്കൂറുള്ള’ ഇടവും ഒരുക്കുന്നു. ഗ്രീൻലൻഡിലെ കൊടുംമഞ്ഞിനെപ്പോലും വകവയ്ക്കാതെ ഇവ വളർന്നുപെരുകുന്നുവെന്നതാണ് ശാസ്ത്രജ്ഞരെ ആശങ്കാകുലരാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനം നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.