Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മൾട്ടിക്സ്’ നേപ്പാളിലേക്കും ബംഗ്ലദേശിലേക്കും

eicher-polaris-multix-1

വ്യക്തിഗത യൂട്ടിലിറ്റി വാഹനമായ ‘മൾട്ടിക്സ്’ നിർമാതാക്കളായ ഐഷർ പൊളാരിസ് നേപ്പാളിലേക്കും ബംഗ്ലദേശിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഈ മാസം മുതൽ തന്നെ ഇരുരാജ്യങ്ങളിലേക്കും ‘മൾട്ടിക്സ്’ കയറ്റുമതി ആരംഭിക്കാനാണ് ഐഷർ പൊളാരിസിന്റെ പദ്ധതി. നേപ്പാളിലേക്ക് ‘മൾട്ടിക്സി’ന്റെ ആദ്യ യൂണിറ്റുകൾ കയറ്റുമതി ചെയ്തതായി ഐഷർ പൊളാരിസ് ചീഫ് എക്സിക്യൂട്ടീവും മാനേജിങ് ഡയറക്ടറുമായ പങ്കജ് ദൂബെ അറിയിച്ചു. ഈ ആഴ്ച തന്നെ വാഹന വിൽപ്പന ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ബംഗ്ലദേശിൽ ‘മൾട്ടിക്സ്’ ഓർഡർ സ്വീകരിച്ചു തുടങ്ങിയെന്നും അടുത്ത ആഴ്ചയോടെ കയറ്റുമതി ആരംഭിക്കുമെന്നും ദൂബെ അറിയിച്ചു. 

വൈകാതെ ഗ്വാട്ടിമാലയിലേക്കുള്ള കയറ്റുമതിയുമായി ‘മൾട്ടിക്സ്’ മധ്യ അമേരിക്കയിലും വിപണനത്തിനെത്തും. അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്കും ശ്രീലങ്കയിലേക്കും ‘മൾട്ടിക്സ്’ കയറ്റുമതി ആരംഭിക്കാനാണ് ഐഷർ പൊളാരിസ് ഒരുങ്ങുന്നത്. 

ഇന്ത്യയിൽ 2015 ജൂണിലാണ് ‘മൾട്ടിക്സ്’ അരങ്ങേറ്റം കുറിച്ചത്;  വിവിധ സംസ്ഥാനങ്ങൾക്കു  പിന്നാലെ മെട്രോ നഗരങ്ങളിലേക്കും ഐഷർ പൊളാരിസ് വാഹനത്തിന്റെ വിൽപ്പന വ്യാപിപ്പിക്കുകയും ചെയ്തു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന രണ്ടു മോഡലുകൾ കഴിഞ്ഞ മാർച്ചിൽ കമ്പനി പുറത്തിറക്കി. അരങ്ങേറ്റത്തിൽ 500 സി സിയായിരുന്നു എൻജിൻ ശേഷിയെങ്കിൽ ബി എസ് നാല് നിലവാത്തിലെത്തിയതോടെ എൻജിൻ ശേഷി 650 സി സിയായി ഉയർന്നു.

കയറ്റുമതിക്കു പുറമെ ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിക്കാനും ഐഷർ പൊളാരിസ് തയാറെടുക്കുകയാണ്. ഇക്കൊല്ലം രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം 100 തികയ്ക്കാനാണു പദ്ധതി. ഈ വർഷം ആദ്യം 55 ഡീലർമാരുണ്ടായിരുന്നത് നിലവിൽ 77ലെത്തി; മഹാരാഷ്ട്രയില കരാഡിലാണ് ഏറ്റവുമൊടുവിൽ ഐഷർ പൊളാരിസ് ഷോറൂം തുറന്നത്. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഐഷർ പൊളാരിസിനു സാന്നിധ്യമുണ്ടെന്നു ദൂബെ അറിയിച്ചു. വർഷാവസാനത്തോടെ രാജ്യത്തെ എല്ലാ സംസ്ഥാനത്തും ‘മൾട്ടിക്സ്’ വിൽപ്പനയ്ക്കെത്തും. മെട്രോ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പരിപാടിയുണ്ട്; നിലവിൽ ഡൽഹിയിലും മുംബൈയിലും ‘മൾട്ടിക്സ്’ വിൽപ്പനയ്ക്കെത്തുന്നുണ്ട്.