Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാങ്ഹായിൽ കാർ പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‍‌ല

tesla-logo

ഷാങ്ഹായിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ യു എസിൽ നിന്നുള്ള വൈദ്യുത കാർ നിർമാതാക്കളായ ടെസ്‍‌ലയും ചൈനീസ് സർക്കാരുമായി ധാരണയായി. വിദേശ വാഹന നിർമാതാക്കൾക്കു പ്ലാന്റ് സ്ഥാപിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണു ചൈന. അതുകൊണ്ടുതന്നെ സംയുക്ത സംരംഭം സ്ഥാപിച്ച് ചൈനീസ് പങ്കാളിയുമായി സാങ്കേതികവിദ്യയും ലാഭവും പങ്കുവയ്ക്കുക മാത്രമാണു വിദേശ നിർമാതാക്കളുടെ മുന്നിലുള്ള വഴി. അതല്ലെങ്കിൽ ചൈനയിലെ സ്വതന്ത്ര വ്യാപാര മേഖലയിൽ സ്വന്തം ശാല സ്ഥാപിച്ചു രഹസ്യം സംരക്ഷിക്കാം; പക്ഷേ ഉയർന്ന ചുങ്കം ബാധകമാവുമെന്ന പ്രശ്നമുണ്ട്.

സർക്കാരുമായി ധാരണയിലെത്തിയതോടെ ടെസ്‍‌ലയ്ക്കു ഷാങ്ഹായിലെ സ്വതന്ത്ര വ്യാപാര മേഖലയിൽ സ്വന്തം ഉടമസ്ഥതയിൽ ശാല സ്ഥാപിക്കാനാവും. ഇതോടെ നിർമാണ ചെലവ് കുറയുമെങ്കിലും ഇത്തരം ശാലകളിൽ നിന്നുള്ള കാറുകൾക്ക് ബാധകമായ 25% ഇറക്കുമതി ചുങ്കം ടെസ്ലയുടെ മോഡലുകൾക്കും നൽകേണ്ടി വരും.

നിർമിക്കുന്നതു ചൈനയിൽ തന്നെയാണെങ്കിലും ഫ്രീ ട്രേഡ് സോണിലെ ശാലകളെ വിദേശത്തു സ്ഥിതി ചെയ്യുന്നതു പോലെയാണ് ഔദ്യോഗികമായി പരിഗണിക്കുന്നത്. അതിനാൽ ഇത്തരം ശാലകളിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ബാധകമായ ചുങ്ക നിരക്കുകളാണ് ചൈന ഈടാക്കുക. പരിസ്ഥിതിയെ മലിനമാക്കാത്ത വൈദ്യുത കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ ഈ കനത്ത ചുങ്കം മറികടക്കാൻ ടെസ്‍‌ലയ്ക്കു പ്രത്യേക ഇളവ് അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഏറെക്കാലമായി ചൈനയിൽ നിർമാണശാല സ്ഥാപിക്കാൻ ടെസ്‍‌ല തീവ്രശ്രമം നടത്തുന്നുണ്ട്. 2016ൽ ചൈനയിലെ കാർ വിൽപ്പനയിൽ നിന്ന് 100 കോടി ഡോളർ(ഏകദേശം 6,507 കോടി രൂപ) ആണു ടെസ്‍‌ല നേടിയത്. കൂടാതെ ചൈനീസ് സാങ്കേതികവിദ്യ രംഗത്തെ പ്രമുഖരായ ടെൻസെന്റ് ഹോൾഡിങ്സിൽ നിന്നു കനത്ത നിക്ഷേപവും ടെസ്‍‌ല സ്വീകരിച്ചിരുന്നു.