Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോക്കാരാ, കുഞ്ഞു ജീവനു മുന്നിൽ വേണോ അഭ്യാസം?– വിഡിയോ

ambulance Image Captured From Video

സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷ, പക്ഷെ പലപ്പോഴും അസാധാരണമായ പ്രവർത്തികൾകൊണ്ട് പൊതുജനത്തിന് പാരയാകാറുണ്ട് ഓട്ടോറിക്ഷ എന്ന മുചക്ര വാഹനം. ഇടത്തോട്ട് ഇൻഡികേറ്ററിട്ട് വലത്തോട്ട് കൈകൊണ്ട് സിഗ്നൽ കാണിച്ച് നേരെ പോകുന്നവരാണ് ഓട്ടോറിക്ഷക്കാർ എന്നാണ് കളിയാക്കി പറയാറ്. ഇവരുടെ വെട്ടിതിരിയലുകളും ട്രാഫിക് നിയമം പാലിക്കാതെയുള്ള ഓട്ടവും നിരവധി അപകടങ്ങൾക്കാണ് വഴി വെയ്ക്കുന്നത്. അത്തരത്തിൽ തിരുവനന്തപുരത്തുണ്ടായൊരു അപകടത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Ambulance rams bike riders at traffic signal

രണ്ടുദിവസം മാത്രം പ്രായമായ ശിശുവിന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്കു വന്ന ആംബുലൻസ് മുന്നിലാണ് ഓട്ടോ ചാടിയത്. വൈകുന്നേരം അഞ്ചു മണിക്കാണ് അപകടം. കുഞ്ഞുമായി ആംബുലൻസ് വരുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് അഞ്ചു മണിക്കു മുൻപു തന്നെ ബൈപാസിലേക്കു തിരിയുന്ന വാഹനങ്ങൾ കഴക്കൂട്ടം പൊലീസ് തടഞ്ഞുനിർത്തിയിരുന്നു. ഇതു മറികടന്നു ബൈപാസിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയിൽ ഇടിക്കാതെ ആംബുലൻസ് വെട്ടിച്ചുമാറ്റിയെങ്കിലും ഓട്ടോയുടെ വശത്തു തട്ടി.

തുടർന്നു നിയന്ത്രണം തെറ്റി ആംബുലൻസ് പൊലീസ് തടഞ്ഞുനിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച അൻപതുമീറ്റർ മാറി നിന്നു. ബൈക്കിലിരുന്ന ഒരു കുട്ടി തെറിച്ചുവെങ്കിലും വീണതു മറ്റൊരാളിന്റെ കൈകളിലേക്കാണെന്നതിൽ വലിയ പരുക്കില്ല. കാലിനു മുറിവേറ്റു. കുട്ടിയെ കഴക്കൂട്ടത്ത് എജെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. പൊലീസ് ഇടപെടൽ മൂലം ഒരു മിനിറ്റ് മാത്രം വൈകി ആംബുലൻസ് യാത്ര തുടർന്നു.

ശിശു ജനിക്കുമ്പോൾ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു. അങ്ങനെയാണ് കോഴിക്കോട് സ്വദേശി അൻഷാദ് ആംബുലൻസിൽ നവജാതശിശുവും രക്ഷാകർത്താക്കളുമായി വന്നത്. ഉച്ചയ്ക്ക് 12 മണിക്കു കോഴിക്കോടു നിന്നു തിരിച്ച ആംബുലൻസ് വൈകുന്നേരം 5.15നു തിരുവനന്തപുരത്തെത്തി.

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കാം. നേരത്തെ അത്യാസന്നനിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുന്ന ആംബുലന്‍സിന്റെ വഴിതടഞ്ഞു വാഹനമോടിച്ച കുറ്റത്തിന് കൊച്ചിയിൽ ഒരു ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.