Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാലയൻ എ ബി എസ് വില 1.78 ലക്ഷം മുതൽ

himalayan-testride-11

ആന്റി ലോക്ക് ബ്രേക്കിങ് സംവിധാന(എ ബി എസ്)മുള്ള ‘ഹിമാലയ’നുമായി ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. എ ബി എസുള്ള ‘ഹിമാലയ’ന്റെ അടിസ്ഥാന വകഭേദത്തിന് 1,78,833 രൂപയും ‘ഹിമാലയൻ സ്ലീറ്റ് എ ബി എസി’ന് 1,80,669 രൂപയുമാണു മുംബൈ ഷോറൂമിലെ വില. എ ബി എസ് എത്തുന്നതോടെ ‘ഹിമാലയൻ’ വിലയിൽ 11,000 രൂപയുടെ വില വർധനയാണു നിലവിൽ വരുന്നത്. 

ഇരു മോഡലുകളിലും ഇരട്ട ചാനൽ എ ബി എസ് യൂണിറ്റാണ് റോയൽ എൻഫീൽഡ് ഘടിപ്പിച്ചിരിക്കുന്നത്. കയറ്റുമതിക്കുള്ള മോഡലുകളിലെ പോലെ നോൺ സ്വിച്ചബ്ൾ എ ബി എസ് ആവും ഇന്ത്യയിൽ വിൽക്കുന്ന ‘ഹിമാലയനി’ലുണ്ടാവുകയെന്നാണു പ്രതീക്ഷ. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിട്ടി ഓഫ് ഇന്ത്യ(ഐ ആർ ഡി എ ഐ) നിർദേശപ്രകാരം 

ഇരുചക്രവാഹനങ്ങൾക്ക് അഞ്ചു വർഷ കാലാവധിയുള്ള തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂറിങ് മോട്ടോർ സൈക്കിളായ ‘ഹിമാലയ’നു വിലയേറിയിരുന്നു. ഒരു വർഷ കാലാവധിയുള്ള സമഗ്ര ഇൻഷുറൻസിനും നിബന്ധിത അഞ്ചു വർഷ തേഡ് പാർട്ടി ഇൻഷുറൻസിനുമായി 17,400 രൂപയോളമാണു പ്രീമിയം. ഇതോടെ ‘ഹിമാലയൻ’ എ ബി എസിന്റെ മുംബൈയിലെ ഓൺറോഡ് വില 2,18,693 രൂപയും ‘ഹിമാലയൻ സ്ലീറ്റ് എ ബി എസി’ന്റേത് 2,20,771 രൂപയുമാവും. എ ബി എസ് ഘടിപ്പിച്ചതിനപ്പുറം ‘ഹിമാലയ’ന്റെ രൂപകൽപ്പനയിലോ സാങ്കേതിക വിഭാഗത്തിലോ മാറ്റമൊന്നും റോയൽ എൻഫീൽഡ് വരുത്തിയിട്ടില്ല. 

സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനത്തോടെ മോട്ടോർ ശ്രേണിയിൽ പൂർണമായും ഇരട്ട ചാനൽ എ ബി എസ് ഘടിപ്പിക്കുമെന്നാണു റോയൽ എൻഫീൽഡിന്റെ വാഗ്ദാനം.  കഴിഞ്ഞ വർഷം അവസാനം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള എൻജിൻ എത്തിയതോടെ ‘ഹിമാലയൻ’ വിൽപ്പന ഗണ്യമായി ഉയർന്നിട്ടുണ്ട്. സുരക്ഷ ശക്തമാക്കാൻ എ ബി എസ് കൂടിയെത്തുന്നതോടെ ‘ഹിമാലയ’ന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു റോയൽ എൻഫീൽഡ്.