Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ജി മോട്ടോർ എത്തുക ബിഎസ് 6 വാഹനവുമായി

mg-hs MG HS

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പുലർത്തുന്ന എൻജിനുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ എം ജി മോട്ടോർ ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ എസ് യു വികളുടെ ബി വിഭാഗത്തിൽ ആദ്യ മോഡൽ പുറത്തിറക്കാനാണു കമ്പനിയുടെ തയാറെടുപ്പ്. ചൈനീസ് വിപണിയിലുള്ള ‘ബോജൊൻ 530’ അടിസ്ഥാനമാക്കിയുള്ള എസ് യു വിയിൽ ബി എസ് ആറ് നിലവാരമുള്ള രണ്ട് എൻജിൻ സാധ്യതകളാവും എം ജി മോട്ടോർ വാഗ്ദാനം ചെയ്യുക. 

ഇന്ത്യയിൽ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് 2020 ഏപ്രിൽ മുതലാണ് ഭാരത് സ്റ്റേജ് ആറ് നിലവാരം ബാധകമാവുക. എന്നാൽ ഈ സമയപരിധിക്ക് ഒരു വർഷത്തോളം മാത്രം ബാക്കി നിൽക്കെ ഇന്ത്യയിൽ പ്രവേശിക്കുന്നതിനാൽ ബി എസ് ആറ് നിലവാരം കമ്പനിക്കു തലവേദന സൃഷ്ടിച്ചിരുന്നതായി എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ ഛാബ വെളിപ്പെടുത്തുന്നു. തുടക്കത്തിൽ ബി എസ് നാല് നിലവാരമുള്ള എൻജിനുമായി എസ് യു വി അവതരിപ്പിച്ച ശേഷം 2020ൽ ബി എസ് ആറിലേക്കു മാറുക എന്നതായിരുന്നു ആദ്യ സാധ്യത. അതല്ലെങ്കിൽ ബി എസ് ആറ് നിലവിൽ വരാൻ മാസങ്ങൾ ബാക്കി നിൽക്കെ തന്നെ ആ നിലവാരമുള്ള എൻജിനുമായി എസ് യു വി വിപണിയിലിറക്കുക. ഏറെ ചർച്ചകൾക്കു ശേഷം സമയപരിധിക്ക് മുമ്പു തന്നെ ബി എസ് ആറ് നിലവാരമുള്ള പെട്രോൾ, ഡീസൽ എൻജിനുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നെന്നും ഛാബ വിശദീകരിക്കുന്നു. 

തുടക്കത്തിൽ അഞ്ചു സീറ്റുകളോടെയാവും എം ജി മോട്ടോർ ഇന്ത്യയുടെ എസ് യു വി വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന; 4655 എം എം നീളവും 1835 എം എം വീതിയുമുള്ള വാഹനത്തിന്റെ ഉയരം 1760 എം എമ്മാവും. 1.5 ലീറ്റർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോളും എഫ് സി എയിൽ നിന്നു കടംകൊണ്ട രണ്ടു ലീറ്റർ ടർബോ ഡീസലുമാവും എൻജിൻ സാധ്യതകൾ. ഇന്ത്യയിൽ ഹ്യുണ്ടേയ് ‘ട്യൂസൊൻ’, ജീപ് ‘കോംപസ്’ തുടങ്ങിയവയോടാവും എം ജി മോട്ടോറിന്റെ ആദ്യ എസ് യു വിയുടെ പോരാട്ടം. പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ ആധിക്യം പിൻബലമാക്കി മത്സരക്ഷമമായ വിലയ്ക്ക് ഈ എസ് യു വി വിൽപ്പനയ്ക്കെത്തിക്കാൻ എം ജി മോട്ടോറിനു സാധിക്കുമെന്നാണു പ്രതീക്ഷ.