Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ ഇതര നഗരങ്ങളിൽ നേട്ടം കൊയ്യാനൊരുങ്ങി ഔഡി

Audi India

രാജ്യത്തെ മെട്രോ ഇതര നഗരങ്ങളിലും രണ്ടാം നിര പട്ടണങ്ങളിലുമൊക്കെ സാന്നിധ്യം ഉറപ്പിച്ചു നേട്ടം കൊയ്യാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയുടെ പദ്ധതി. ഇതോടൊപ്പം പുത്തൻ മോഡലുകൾ അവതരിപ്പിക്കാനും ‘ഔഡി അപ്രൂവ്ഡ് പ്ലസ്’ എന്ന യൂസ്ഡ് കാർ വ്യാപാരം വ്യാപിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. ഉപയോഗിച്ച കാറുകളുടെ കൈമാറ്റത്തിന് ഇപ്പോൾ മൂന്ന് ഔട്ട്​ലെറ്റുകളുള്ളത് വരുന്ന 12 മാസത്തിനിടെ 10 ആയി ഉയർത്താനാണു തീരുമാനം.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച 2007ൽ തയാറാക്കിയ പദ്ധതികൾ ആദ്യകാലത്തെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്നെന്ന് ഔഡി ഇന്ത്യ മേധാവി ജോ കിങ് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വികസനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള പദ്ധതികളാണ് ഇപ്പോൾ ആവശ്യം. എന്നാൽ ഉൽപ്പാദന ശേഷി വർധിപ്പിക്കലും പുതിയ മോഡൽ അവതരണവുമൊക്കെ ഉൾപ്പെട്ട വികസന പദ്ധതികൾക്കുള്ള മുടക്കുമുതൽ എത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഉപയോക്താക്താവിന് അടുത്തെത്തുകയെന്ന തന്ത്രമാവും കമ്പനി സമീപഭാവിയിലും പിന്തുടരുകയെന്നു കിങ് അറിയിച്ചു. ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരണത്തിൽ ചെറുപട്ടണങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകാനും ഔഡി തീരുമാനിച്ചിട്ടുണ്ട്. മെട്രോ ഇതര നഗരങ്ങളിൽ കമ്പനിക്കു മികച്ച വരവേൽപ്പാണു ലഭിക്കുന്നത്; ഗുവാഹത്തിയിലും റാഞ്ചിയിലുമൊക്കെ വിപണിയുടെ പ്രതികരണം ആത്മവിശ്വാസം നൽകുന്നതാണ്. വൈകാതെ രാജ്കോട്ടിലും ഔഡി പുതിയ ഡീലർഷിപ് ആരംഭിക്കും. ജമ്മു, ഡെഹ്റാഡൂൺ തുടങ്ങിയ നഗരങ്ങളിലും വിൽപ്പനകേന്ദ്രങ്ങൾ പരിഗണനയിലാണെന്നു കിങ് വെളിപ്പെടുത്തി.

അടിസ്ഥാന കണക്കുകൾ താരതമ്യേന കുറവാണെങ്കിലും രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലെ കാർ വിൽപ്പനയിൽ 20 — 30% വളർച്ച കൈവരിക്കാൻ കമ്പനിക്കു കഴിയുന്നുണ്ട്. അതേസമയം മെട്രോകളിൽ കാർ വിൽപ്പനയിലെ വർധന 10% മാത്രമാണെന്നും കിങ് വിശദീകരിച്ചു.

മെഴ്സീഡിസ് ബെൻസിൽ നിന്നുള്ള ശക്തമായ വെല്ലുവിളി അതിജീവിച്ച് ഈ വർഷവും വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്താനാവുമോ എന്ന ചോദ്യത്തിന് ലാഭകരമായ വളർച്ചയിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു കിങ്ങിന്റെ മറുപടി. 2014 — 15ൽ ഔഡി 11,292 യൂണിറ്റ് വിറ്റ് ഔഡി ഇന്ത്യ ഒന്നാമതെത്തിയപ്പോൾ 11,213 യൂണിറ്റുമായി മെഴ്സീഡിസ് ബെൻസ് തൊട്ടുപിന്നിലുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 3,566 യൂണിറ്റിന്റെ വിൽപ്പനയുമായി മെഴ്സീഡിസ് ബെൻസ്, ഔഡിയെ ഞെട്ടിച്ചിരുന്നു. ഇക്കാലത്ത് ഔഡി വിറ്റത് 3,139 കാറുകളായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.