പുതുവിപണികളിലേക്കു പടരാനൊരുങ്ങി ഡാറ്റ്സൻ

വളർച്ചാ സാധ്യതയുള്ള പുതു വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സനു പദ്ധതി. ആഫ്രിക്ക, മധ്യ പൂർവ രാജ്യങ്ങൾ, ദക്ഷിണേഷ്യ എന്നീ മേഖലകളിൽ വിപണനം ആരംഭിക്കാനാണു ഡാറ്റ്സന്റെ ആലോചന.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കൊടുവിൽ കഴിഞ്ഞ വർഷമാണു ഡാറ്റ്സനെ ബജറ്റ് ബ്രാൻഡെന്ന നിലയിൽ നിസ്സാൻ ഇന്ത്യയിൽ വീണ്ടും പടയ്ക്കിറക്കിയത്. ഹാച്ച്ബാക്കായ ‘ഗോ’യുമായി 2014 മാർച്ചിൽ അരങ്ങേറ്റം കുറിച്ച ഡാറ്റ്സനിൽ നിന്നു പിന്നീട് ‘ഗോ പ്ലസും’ വിൽപ്പനയ്ക്കെത്തി. ഇന്ത്യയ്ക്കു പുറമെ ഇന്തൊനീഷ, റഷ്യ, ദക്ഷിണ ആഫ്രിക്ക എന്നീ വിപണികളിലും സാന്നിധ്യമുറപ്പിച്ച ഡാറ്റ്സന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു ലക്ഷത്തിലേറെ യൂണിറ്റാണ്.

മടങ്ങി വരവിന്റെ ആദ്യ ഘട്ടം കമ്പനി വിജയകരമായി പൂർത്തിയാക്കിയെന്നു ഡാറ്റ്സൻ ആഗോള മേധാവി വിൻസന്റ് കോബീ അഭിപ്രായപ്പെട്ടു. നിലവിലുള്ള നാലു വിപണികളിൽ വിപണന, സർവീസ് ശൃംഖലകൾ വിപുലീകരിക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം ‘ഗോ’യ്ക്കും ‘ഗോ പ്ലസി’നും പിന്നാലെ ഇന്ത്യയിൽ പുതിയൊരു മോഡൽ കൂടി അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

ഡാറ്റ്സനിൽ നിന്നുള്ള പുതിയ എൻട്രി ലവൽ ഹാച്ച്ബാക്ക് അടുത്ത വർഷമാദ്യം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. ഫ്രഞ്ച് നിർമാതാക്കളായ റെനോ പുറത്തിറക്കിയ ‘ക്വിഡി’ന് അടിത്തറയാവുന്ന സി എം എഫ് — എ പ്ലാറ്റ്ഫോം ആധാരമാക്കിയാവും ഡാറ്റ്സനിൽ നിന്നുള്ള ഈ കാറിന്റെ വരവ്.