ഓട്ടോ യാത്രയ്ക്കിനി നോട്ട് കരുതേണ്ട

Suresh

രാജ്യത്തെ പണമിടപാട് ‍ഡിജിറ്റൽ ആക്കണം എന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെയ്ക്കുന്നത്. ഓരോ രൂപയുടെ പണമിടപാടുകളും ഡിജിറ്റലാക്കി പേപ്പർ കറൻസിയുടെ പ്രാധാന്യം ഇല്ലാതാക്കണം. അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് അഞ്ചൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത്. എന്നാൽ അതുണ്ടാക്കിയ ‘ചില്ലറ’ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈടെക്കായിരിക്കുന്നു തിരുവനന്തപുരം നഗരത്തിലെ ഓട്ടോ തൊഴിലാളികൾ.

നഗരത്തിലെ ഓട്ടോ യാത്രയ്ക്കിനി കാശു കരുതേണ്ട, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പെടിഎം അടക്കം ഏത് ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചും ഇനി ഓട്ടോ ചാർജ് കൈമാറാം. പണം സ്വീകരിക്കൽ മാത്രമല്ല യാത്ര സുരക്ഷിതമാക്കാൻ പോകുന്ന വഴി, ഓട്ടോ ഡ്രൈവറുടെ പേര്, പൊലീസ് കൺട്രോൾ റൂം, തലസ്ഥാനത്തെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ, അടുത്ത പൊലീസ് സ്റ്റേഷനുകളുടെ നമ്പർ, റോഡ് സഹായ സർവീസ്, ആംബുലൻസ്, ബ്രേക്ക്ഡൗണായാൽ സഹായം എന്നീ അടിയന്തര സേവനങ്ങളും ഹൈടെക്കായ ഈ ഓട്ടോകളിലുണ്ട്. ഓട്ടോയിലെ ടച്ച് സ്ക്രീനും സ്വൈപ്പിങ് മിഷിനുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

തിരുവന്തപുരം കണ്ണമൂല സ്വദേശി സുരേഷാണ് ആദ്യമായി ഓട്ടോറിക്ഷ ഡിജിറ്റലാക്കിയത്. വെഹിക്കിൾ എസ്.ടി എന്ന ഏജൻസി എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് കറൻസിരഹിത ഓട്ടോസർവീസ് സജ്ജമാക്കിയത്. വെഹിക്കിൾ എസ്ടി ടച്ച്സ്ക്രീൻ ടാബ്‌ലെറ്റ് നൽകുമ്പോള്‍ എച്ച്ഡിഎഫ്സി സ്വൈപ്പിങ് മെഷീൻ നൽകുന്നു. സ്വൈപ്പിങ് മെഷിൻ‌ വഴി ഓട്ടോ ചാർജ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കെത്തും. ഓട്ടോയിൽ മീറ്ററും ജിപിഎസുമായി ബന്ധിപ്പിച്ച സ്ക്രീനിൽ യാത്രക്കാർക്ക് സഞ്ചരിക്കുന്ന വഴിയും യാത്രയുടെ നിരക്ക് കാണാം.

കാർഡല്ല കാശായിട്ടാണ് നിരക്ക് നൽകുന്നതെങ്കിൽ അങ്ങനെയും നൽകാം. കാർഡാണെങ്കിൽ രണ്ടു രൂപ സർവീസ് ചാർജുമുണ്ട്. ദിവസവും ഏകദേശം 400 മുതൽ 500 രൂപയുടെ വരെ ഓട്ടങ്ങളുടെ നിരക്കുകൾ ഡിജിറ്റലായി കൈമാറുന്നുണ്ടെന്നാണ് സുരേഷ് പറയുന്നത്. സുരേഷിന്റേതു കൂടാതെ നഗരത്തിലെ കൂടുതൽ ഓട്ടോറിക്ഷകൾ ഡിജിറ്റലായിക്കഴിഞ്ഞു.

കൂടാതെ ഒട്ടോറിക്ഷകള്‍ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നാണ് വെഹിക്കിള്‍ എസ് ടി പറയുന്നത്. സുരക്ഷിത യാത്ര പ്രധാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഓട്ടോറിക്ഷക്കാരുമായുള്ള അനാവശ്യ തർക്കങ്ങൾ ഇതുവഴി ഇല്ലാതാക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു.