ഓട്ടോ ഓടിക്കുമ്പോൾ ബുദ്ധിശക്തി, വിവേകം, കഴിവ് എന്നിവ അനിവാര്യ ഗുണങ്ങളാണ്: പോലീസ്

auto-1
SHARE

ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട്, വലത്തേക്ക് കൈകാണിച്ച്, നേരേ പോകുന്നവർ, ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവർ എന്നതൊക്കെയാണ്  ഓട്ടോറിക്ഷകൾക്കും ഓട്ടോക്കാർക്കുമെതിരെ സ്ഥിരം കേൾക്കുന്ന കമന്റുകൾ. ഒരു പരിധി വരെയത് സത്യമാണ് താനും.  റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഓട്ടോക്കാരെന്താ ഇങ്ങനെ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. ട്രാഫിക് നിയമങ്ങൾ പാലിച്ചും അൽപം ശ്രദ്ധയോടെയും ഈ മുച്ചക്ര വാഹനം കൈകാര്യം ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.

കേരളത്തിൽ ഏകദേശം ആറുലക്ഷത്തിലധികം ഓട്ടോറിക്ഷകളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും കൃത്യമായി രീതിയിൽ വാഹനമോടിച്ച് കയ്യടി നേടുകയും ആരാധനാപാത്രങ്ങളാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇവരിലെ ന്യൂനപക്ഷം സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളും അപകടങ്ങളും വളരെ വലുതാണ്. അപകടങ്ങൾ പെരുകുമ്പോൾ നിരത്തിലെ വില്ലന്മാരായ ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാൻ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. 

∙ ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.

∙ റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്‍ഡികേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്.

∙ വഴിവക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യാവൂ.

∙ വളവുകളിലും, കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്.

∙ ഓട്ടോറിക്ഷകളില്‍ ആളെ കുത്തിനിറച്ച് നിയമാനുസൃതമായതില്‍ കൂടുതല്‍ ആളുകളുമായി സവാരി നടത്തരുത്.

∙ ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില്‍ മറ്റൊരാളെയും കയറ്റി ഓട്ടോ ഓടിക്കരുത്.

∙ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നിയമാനുസൃതമായ യൂണിഫോം ധരിക്കേണ്ടതാണ്. 

∙ വാഹന യാത്രക്കാരില്‍ നിന്നും നിയമാനുസൃതമായ യാത്രക്കൂലി മാത്രം വാങ്ങുക. 

∙ അവര്‍ എന്തെങ്കിലും വസ്തുക്കള്‍ മറന്നുവെച്ചാല്‍ അത് മടക്കി അവരെ തന്നെയോ, അല്ലെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ രേഖാമൂലം ഏല്പിക്കുക 

ഓട്ടോറിക്ഷകളുടെ വേഗ പരിധി

ഓട്ടോറിക്ഷകളുടെ പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കിലോമീറ്ററും, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ 30 കിലോമീറ്റർ, ഗ്രാമീണ റോഡുകളിൽ 35 കിലോമീറ്റർ, സംസ്ഥാന-ദേശീയ ഹൈവേകളിലും നാലുവരി പാതകളിലും 50 കിലോമീറ്റർ, മറ്റു സ്ഥലങ്ങളില്‍ 40 കിലോമീറ്റർ എന്നിങ്ങനെയാണ്. ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, അപകടകരവുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA