സൂപ്പർ ബൈക്കുകൾക്കു പ്രീമിയം റേഡിയലുമായി മിഷ്‌ലിൻ

സൂപ്പർ ബൈക്കുകൾക്കുള്ള പ്രീമിയം റേഡിയൽ ടയറുകളുടെ പുത്തൻശ്രേണി ഫ്രഞ്ച് നിർമാതാക്കളായ മിഷ്‌ലിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 600 സി സിയിലേറെ എൻജിൻ ശേഷിയുള്ള, പ്രകടനക്ഷമതയേറിയ സൂപ്പർ ബൈക്കുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘പൈലറ്റ് പവർ ത്രീ’, ‘പൈലറ്റ് റോഡ് ഫോർ’ ഹൈ പെർഫോമൻസ് റേഡിയൽ ടയറുകളാണു കമ്പനി ഇന്ത്യയിൽ എത്തിച്ചത്. രാജ്യാന്തര വിപണികളിൽ ഏറെ ജനപ്രീതിയാർജിച്ച ടയറുകളാണ് ‘പൈലറ്റ് പവർ ത്രീ’, ‘പൈലറ്റ് റോഡ് ഫോർ’ എന്നിവയെന്നു മിഷ്ലിൻ അവകാശപ്പെട്ടു. വ്യത്യസ്ത ഉപയോഗങ്ങൾക്കുള്ള സൂപ്പർ സ്പോർട് മോട്ടോർ സൈക്കിളുകൾക്ക് അനുയോജ്യമാണു ‘പൈലറ്റ് പവർ ത്രീ’, ‘പൈലറ്റ് റോഡ് ഫോർ’ ശ്രേണിയെന്നും മിഷ്ലിൻ വ്യക്തമാക്കി. റോഡ്, ട്രാക്ക് ഉപയോഗങ്ങൾക്ക് അനുയോജ്യമായ ‘പൈലറ്റ് പവർ ത്രീ’, ‘പൈലറ്റ് റോഡ് ഫോർ’ ശ്രേണി ഏപ്രിലിയ, ബെനെല്ലി, ഡ്യുകാറ്റി, ഹോണ്ട, ഹ്യോസങ്, കവാസാക്കി, യമഹ തുടങ്ങിയ നിർമാതാക്കളുടെ വിവിധ മോഡലുകളിൽ ഉപയോഗിക്കാം. മിഷ്ലിൻ പ്രയോറിറ്റി പാർട്ണർ, ടയർ പ്ലസ് നെറ്റ്വർക്ക് എന്നിവയ്ക്കൊപ്പം രാജ്യത്തെ മറ്റു മിഷ്ലിൻ വിൽപ്പനശാലകളിലും ‘പൈലറ്റ് പവർ ത്രീ’, ‘പൈലറ്റ് റോഡ് ഫോർ’ ശ്രേണി ലഭ്യമാണ്.

റോഡ്സ്റ്റർ, സ്പോർട് മോട്ടോർ ബൈക്കുകൾക്കായി രൂപകൽപ്പന ചെയ്ത ‘പവർ ത്രീ’ റോഡ് ഉപയോഗത്തിനാണ് കൂടുതൽ അനുയോജ്യം; എങ്കിലും ട്രാക്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ ടയറുകൾക്കു കഴിയുമെന്നാണു മിഷ്ലിന്റെ അവകാശവാദം. കൂടുതൽ വേഗത്തിലുള്ള കോണറിങ് വേളയിൽ മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കുന്ന ടു സി ടി, ടു സി ടി പ്ലസ് സാങ്കേതികവിദ്യകളുടെ പിൻബലത്തോടെയാണ് ഈ ടയറുകൾ രൂപകൽപ്പന ചെയ്തതെന്നും മിഷ്ലിൻ വിശദീകരിക്കുന്നു. സുരക്ഷ വർധിപ്പിക്കാനായി ഈ ടയറുകളിൽ സവിശേഷ ട്രെഡ് പാറ്റേണും മിഷ്ലിൻ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ നനഞ്ഞ പതലത്തിലെ ബ്രേക്കിങ് വേളയിലും മികച്ച സ്ഥിരത നൽകാൻ ‘പൈലറ്റ് പവർ ത്രീ’ ശ്രേണിക്കു കഴിയുമെന്നാണു നിർമാതാക്കളുടെ വിലയിരുത്തൽ.അതേസമയം മികച്ച സുരക്ഷയും കൂടുതൽ ആയുസ്സുമാണ് ‘പൈലറ്റ് റോഡ് ഫോറി’ൽ മിഷ്ലിൻ ഉറപ്പു നൽകുന്നത്. നനഞ്ഞ പ്രതലത്തിൽ മികച്ച ബ്രേക്കിങ് ഉറപ്പാക്കുന്ന എക്സ് എസ് ടി പ്ലസ് സാങ്കേതികവിദ്യയാണ് ഈ ടയറുകളുടെ പിൻബലം. ഗ്രിപ്പും ദീർഘകാല ഉപയോഗവുമായി മികച്ച സന്തുലനം കൈവരിക്കാൻ 100% സിലിക്ക കോംപൗണ്ടുകളുടെ സാന്നിധ്യത്തിനൊപ്പം ടു സി ടി സാങ്കേതികവിദ്യയും ‘പൈലറ്റ് റോഡ് ഫോർ’ ശ്രേണിയിൽ മിഷ്ലിൻ ലഭ്യമാക്കുന്നുണ്ട്.

ഇന്ത്യയിൽ ‘പൈലറ്റ് പവർ ത്രീ’, ‘പൈലറ്റ് റോഡ് ഫോർ’ ശ്രേണികൾ അവതരിപ്പിക്കാൻ കമ്പനിക്ക് ഏറെ ആഹ്ലാദമുണ്ടെന്നു മിഷ്ലിൻ ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് കൊമേഴ്സ്യൽ ഡയറക്ടർ (ടു വീൽസ്) പ്രദീപ് ജി തമ്പി അഭിപ്രായപ്പെട്ടു. പ്രതിവർഷം 40 — 50% വളർച്ചയാണ് ഇന്ത്യയിൽ 500 സി സിയിലേറെ എൻജിൻ ശേഷിയുള്ള സൂപ്പർ ബൈക്ക് വിഭാഗം കൈവരിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനകം ഇത്തരം ബൈക്കുകളുടെ വിൽപ്പന ഇരട്ടിയാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതുകണ്ടുതന്നെ പെർഫോമൻസ് ബൈക്ക് വിപണിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ആവേശകരമായ വിപണിയാണ്. ഇത്തരം സാധ്യതകൾ പരിഗണിച്ചാണ് മിഷ്ലിൻ ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ ഏറ്റവും വിപുലമായ ടയർ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്; കമ്യൂട്ടർ മുതൽ ഹൈ പെർഫോമൻസ് ബൈക്കുകൾക്കു വരെ യോജിച്ച ടയറുകളാണു കമ്പനി ലഭ്യമാക്കുന്നതെന്നു പ്രദീപ് തമ്പി വിശദീകരിച്ചു.