വൈദ്യുത ബൈക്ക് നിർമിക്കാൻ പൊളാരിസ്

യു എസ് മോട്ടോർ സൈക്കിൾ — ഓൾ ടെറെയ്ൻ വെഹിക്കിൾ(എ ടി വി) നിർമാതാക്കളായ പൊളാരിസ് ഇൻഡസ്ട്രീസ് വൈദ്യുത ബൈക്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങഉന്നു. ‘ഇന്ത്യൻ’ ബ്രാൻഡിലുള്ള വൈദ്യുത ബൈക്കുകൾ നാലോ അഞ്ചോ വർഷത്തിനകം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതു രണ്ടാം തവണയാണു പൊളാരിസ് വൈദ്യുത ബൈക്ക് നിർമാണത്തിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. 2011ൽ സ്വന്തമാക്കിയ ‘ഇന്ത്യൻ’ ശ്രേണിയിലാവും ഇക്കുറി വൈദ്യുതി ബൈക്ക് നിരത്തിലെത്തുകയെന്നതാണു വ്യത്യാസം. കഴിഞ്ഞ ജനുവരിയിൽ പൊളാരിസ് ഇൻഡസ്ട്രീസ് ‘വിക്ടറി’ ശ്രേണിയിലെ മോട്ടോർ സൈക്കിളുകളുടെ നിർമാണവും വിൽപ്പനയും അവസാനിപ്പിച്ചിരുന്നു. 18 വർഷത്തിനിടെ 10 കോടിയിലേറെ ഡോളർ(ഏകദേശം 668.35 കോടി രൂപ) പ്രവർത്തന നഷ്ടം നേരിട്ടതിനെ തുടർന്നായിരുന്നു ഈ നടപടി. ഇതോടെ വിക്ടറി ശ്രേണിയിലെ വൈദ്യുത ബൈക്കായ ‘ഇംപൾസും’ വിസ്മൃതിയിലേക്കു മാഞ്ഞു.

രണ്ടാം വരവിൽ ഉല്ലാസം വാഗ്ദാനം ചെയ്യുന്ന വൈദ്യുത മോട്ടോർ സൈക്കിളുകളിലൂടെ പുത്തൻ ഉപയോക്താക്കളെ കണ്ടെത്താനാണ് പൊളാരിസിന്റെ ശ്രമമെന്ന് കമ്പനിയുടെ മോട്ടോർ സൈക്കിൾ വിഭാഗം പ്രസിഡന്റ് സ്റ്റീവ് മെന്നെറ്റൊ വെളിപ്പെടുത്തി. ഒറ്റത്തവണ ചാർജ് ചെയ്താൽ പ്രകടനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ 120 — 140 മൈൽ (192 — 224 കിലോമീറ്റർ) പിന്നിടാൻ പുതിയ വൈദ്യുത ബൈക്കുകൾക്കു കഴിയുമെന്നാണു പൊളാരിസിന്റെ അവകാശവാദം. നിർമാണം അവസാനിപ്പിച്ച ‘എംപൾസി’ന്റെ റേഞ്ച് ആവട്ടെ 75 മൈൽ (120 കിലോമീറ്റർ) ആയിരുന്നു.

യു എസിൽ വലിയ ബൈക്കുകളുടെ വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിൽ വിലയുടെ കാര്യത്തിൽ കടുംപിടുത്തക്കാരായ പുതുതലമുറയെ വശീകരിക്കാനുള്ള തീവ്രയത്നത്തിലാണു പൊളാരിസും പ്രധാന എതിരാളികളായ ഹാർലി ഡേവിഡ്സനും. എൻജിൻ ശേഷി കുറഞ്ഞ ബൈക്കുകൾ കൂടി ഉൾപ്പെടുത്തി ‘ഇന്ത്യൻ’ ബ്രാൻഡ് വിപുലീകരിക്കുമെന്ന് മെന്നെറ്റൊ പ്രഖ്യാപിക്കുന്നതും ഈ സാഹചര്യത്തിലാണ്. വരുന്ന അഞ്ചു വർഷത്തിനിടെ കമ്പനിയുടെ വരുമാനം ഇപ്പോഴത്തെ 70.85 കോടി ഡോളറി(4735.26 കോടിയോളം രൂപ)ൽ നിന്ന് 100 കോടി ഡോളർ(ഏകദേശം 6683.50 കോടി രൂപ) ആയി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.